മനുഷ്യ സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയം; സിപിഎം അനുഭാവിക്ക് സ്നേഹവീടൊരുക്കി കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Wednesday, August 18, 2021

 

ആലപ്പുഴ : സിപിഎം അനുഭാവിയായ ആലപ്പുഴ പള്ളത്തുരുത്തി സ്വദേശി ഉത്തമന്‍റെ പാടശേഖരത്തോട് ചേർന്നുള്ള ഭൂമി കുട്ടനാട് പ്രളയത്തിലാകുമ്പോഴൊക്കെ മുങ്ങുകയാണ് പതിവ്. തുടർച്ചയായ പ്രളയങ്ങൾ കാലുകൾക്ക് വൈകല്യം കൂടിയുള്ള ഉത്തമന്‍റെ കുടിലിന്‍റെ അവസ്ഥ തീർത്തും ശോചനീയമാക്കി. കാലപ്പഴക്കത്താൽ ക്ഷയിച്ച കുടിൽ പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സ്ഥിതിയോ ആരോഗ്യമോ ഉത്തമനില്ല. സാമ്പത്തികമായി സഹായിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ദിവസ വരുമാനക്കാരായ ബന്ധുക്കളും.

എഐ‌സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഉത്തമന്‍റെ വീട് നിൽക്കുന്നത്. വിവരം പലരിൽ നിന്നായി കേട്ട എംപി, കൂടുതൽ വിവരങ്ങൾ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ചോദിച്ചറിഞ്ഞു. ഒറ്റത്തടിയായി ജീവിക്കുന്ന ഉത്തമന്‍റെ ദുരിതത്തിന് പരിഹാരമായി അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചുനൽകാൻ കെ.സി വേണുഗോപാല്‍ തീരുമാനിച്ചു.

വീട് വെച്ചുനൽകാൻ സുമനസുകളുടെ സഹായം കൂടി കെ.സി തേടി. അങ്ങനെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസൽ & ഷബാന ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നത്. തുടർന്ന് അവരുമായി ചേർന്ന് വീട് വെച്ചുനൽകുകയായിരുന്നു. കെ. സി വേണുഗോപാലിന്‍റെയും ഒപ്പം സുമനസുകളുടെയും സഹായവും ഫൈസൽ & ഷബാന ഫൗണ്ടേഷന്‍റെ സഹായ സഹകരണങ്ങളും ഒത്തുചേർന്നപ്പോൾ ജാതി-മത-രാഷ്‌ട്രീയ ഭിന്നതകൾക്കെല്ലാമപ്പുറം ഉത്തമന് സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് പിറന്നു. ഇന്ന് പള്ളത്തുരുത്തിയിലെ കായലരികത്ത് വെച്ച് നടത്തിയ ചടങ്ങിൽ ഉത്തമന് കെസി വേണുഗോപാൽ എംപി താക്കോൽ കൈമാറിയപ്പോൾ മനുഷ്യസ്‌നേഹത്തിനപ്പുറമല്ല മറ്റൊന്നും എന്നതിന്‍റെ സാക്ഷ്യം കൂടിയായി അത്.

“രാഷ്‌ട്രീയത്തിനപ്പുറം എല്ലാവരും എന്‍റെ നാട്ടുകാരാണ്. ഇപ്പോൾ ഇവിടെ നിന്നുള്ള ജനപ്രതിനിധി അല്ലെങ്കിൽ പോലും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടും സ്‌നേഹവുമുണ്ട്. തെരഞ്ഞെടുപ്പുകളിലും നിലപാടുകളിലും വിശ്വസിക്കുന്ന ആശയങ്ങളിലും മാത്രമാണ് രാഷ്‌ട്രീയമുള്ളത്, പ്രവർത്തനങ്ങളിലും ജനസേവനത്തിലും മനുഷ്യ സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയമായിരിക്കണം പ്രതിഫലിക്കേണ്ടത്”, താക്കോൽ കൈമാറിക്കൊണ്ട് കെസി വേണുഗോപാൽ എംപി പറഞ്ഞ വാക്കുകൾ മാനവസേവയുടെ മാതൃകാപരമായ അടയാളപ്പെടുത്തലായി.

എഐ‌സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വവുമായി ബന്ധപ്പെട്ട് ഡൽഹിയിലാണെങ്കിലും നാട്ടിലെ വിഷയങ്ങളിൽ സജീവ ഇടപെടലാണ് ഈ രാജ്യസഭാ എംപിയുടെ ഭാഗത്തുനിന്നുള്ളത്. ഒരു മാസം മുമ്പ് മാരാരിക്കുളത്ത് കൊല്ലംചിറയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കെസി ഇടപെട്ട് വീട് വെച്ച് നൽകിയിരുന്നു. ആലപ്പുഴയിലെ തന്നെ, മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് വിദേശത്തുനിന്ന് മരുന്നെത്തിച്ച് നൽകിയും ചികിത്സാധനസഹായമെത്തിക്കാൻ നേതൃത്വം നൽകിയും നിരാലംബർക്ക് വീട് വെച്ച് കൊടുത്തുമെല്ലാം സേവന പ്രവർത്തനങ്ങളിൽ മുഴുകുന്ന കെ.സി വേണുഗോപാൽ എംപി ദേശീയ രാഷ്‌ട്രീയത്തിനൊപ്പം തന്റെ തട്ടകമായ ആലപ്പുഴ ജില്ലയിലും സജീവ പ്രവർത്തനവുമായി നിറഞ്ഞുനിൽക്കുന്നു എന്നത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകുന്ന ഊർജ്ജവും ആവേശവും ചെറുതല്ല.