മോദി സർക്കാരിന്‍റെ നയങ്ങൾ സഹായമാകുന്നത് അദാനിക്കും അബാനിക്കും ; കൊവിഡിനിടയില്‍ നിയമങ്ങൾ പാസാക്കിയത് ബോധപൂർവ്വം: രാഹുൽ ഗാന്ധി

Jaihind News Bureau
Monday, October 5, 2020

 

ന്യൂഡല്‍ഹി: അദാനിയേയും അബാനിയെയും സഹായിക്കുന്നതാണ് മോദി സർക്കാരിന്‍റെ നയങ്ങളെന്ന്  രാഹുൽ ഗാന്ധി.
കൊവിഡ് മഹാമാരിക്കിടയിൽ കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയത് ബോധപൂർവ്വമാണ്. കർഷകർ ഒന്നും ചെയ്യില്ലെന്ന് അവർ കരുതി. എന്നാൽ  പ്രതിഷേധങ്ങളിലൂടെ കർഷകർ അവരുടെ ശക്തി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പട്യാലയില്‍ ട്രാക്ടർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക നിയമങ്ങൾക്കെതിരായ പഞ്ചാബിലെ  ട്രാക്ടർ റാലി സമാപിച്ചു. നാളെ  റാലി ഹരിയാനയിൽ പര്യടനം ആരംഭിക്കും. റാലിയിൽ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി   ഉന്നയിച്ചിത്. സർക്കാർ കർഷകരെയും ചെറുകിട വ്യാപരികളെയും ആവർത്തിച്ച് ആക്രമിക്കുകയാണ്. കാർഷിക വിളകൾക്ക് താങ്ങു വില നിർണയിക്കാത്തത് ഉൾപ്പെടെ വലിയ പോരായ്മകൾ നിയമത്തിൽ ഉണ്ട്. എന്നാൽ ഇക്കാര്യം പരിഹരിക്കാൻ മോദി സർക്കാർ തയാറല്ല. ഇത് നിലവിലെ വ്യവസ്ഥിതിയെ തകർക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മൊഗ, ലുധിയാന, സംഗ്രൂർ, പട്യാല ജില്ലകളിലായി 50 കിലോമീറ്ററിലധികം ദൂരം റാലി പര്യടനം നടത്തി. റാലി നാളെ ഹരിയാനയിൽ പര്യടനം ആരംഭിക്കും. സംസ്ഥാനത്ത് റാലി നടത്തുന്നതിൽ വിരോധം ഇല്ലെന്നും എന്നാൽ പഞ്ചാബിൽ നിന്ന് റാലിയായി എത്തിയാൽ അംഗീകരിക്കില്ലെന്നും ഹരിയാന സർക്കാർ അറിയിച്ചു.