കുന്ദമംഗലം സ്ഫോടനം: മരണം രണ്ടായി; വീട്ടുടമയ്ക്കും ബന്ധുവിനും ദാരുണാന്ത്യം.

Jaihind News Bureau
Sunday, April 5, 2026

കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. അനധികൃതമായി സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കുന്ദമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. പടക്ക നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കുന്ദമംഗലത്തെ ഉഗ്രസ്ഫോടനത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. വീട്ടുടമസ്ഥനായ രാഹുൽ, സഹോദരീ ഭർത്താവ് രാഹുൽ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ അനധികൃതമായി പടക്ക നിർമ്മാണം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ സംശയം.

സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിലുണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

അനധികൃതമായി ആളുകളെ കൂട്ടി സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതിനും, ഇത് മരണത്തിന് കാരണമായതിനുമാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും. അനുമതിയില്ലാതെ ജനവാസ മേഖലയിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിലെ ഗൗരവകരമായ വീഴ്ചയാണ് പോലീസ് പരിശോധിക്കുന്നത്.