കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടകളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന് മേല്‍ ഒരു നിയന്ത്രണവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റികളാണ് എസ്പിമാരെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് മാരാരിക്കുളത്ത് സിപിഎം ഏരിയ കമ്മിറ്റി നേതാവിന്‍റെ സ്വന്തം ആളായ ക്രിമിനല്‍ കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് പൊട്ടിച്ച് തോക്ക് ചൂണ്ടിയിട്ടും പോലീസ് ഇടപെടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ഗുണ്ടയുമായി മുട്ടാന്‍ നോക്കേണ്ടെന്നും സംരക്ഷിക്കാന്‍ ആളുകളുണ്ടെന്നുമുള്ള ഉപദേശം നല്‍കിയാണ് പരാതിക്കാരനെ പോലീസ് മടക്കി അയച്ചത്. കേരളത്തിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും ലഹരി സംഘങ്ങള്‍ക്കും സിപിഎം രാഷ്ട്രീയ രാക്ഷാകര്‍തൃത്വം നല്‍കുന്നുണ്ട്. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതുമാണ്. എന്നിട്ടും മുഖ്യമന്ത്രി നോക്കി നില്‍ക്കുകയാണെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേർത്തു.
കുപ്രസിദ്ധ ഗുണ്ട നടത്തിയ ഡിന്നറില്‍ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്തു. തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയിലാണ് കേരള പോലീസ്. ഇതിനേക്കാള്‍ വലിയ നാണക്കേട് കേരള പോലീസിനുണ്ടോയെന്നും മൂന്ന് വര്‍ഷമായി കേരളത്തിലെ പോലീസിനെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്നും വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിസംഗനായി നില്‍ക്കുകയും അധികാരം ഓഫീസിലെ ഉപജാപകസംഘം തട്ടിയെടുക്കുകയും ചെയ്തു. എല്ലായിടത്തും പാര്‍ട്ടിയാണ് ഭരിക്കുന്നത്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം നേതാക്കളാണ്. അപകടകരമായ നിലയിലേക്കാണ് കേരളം പോകുന്നത്. ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കുമെന്നും ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ കിടക്കുന്ന ക്രിമിനലുകള്‍ പുറത്ത് ക്വട്ടേഷന്‍ നല്‍കുകയാണ്. പോലീസ് ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന സാഹചര്യം ഇല്ലാതാകണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.