ഓണക്കിറ്റിലും തിരിമറി നടത്തി പിണറായി സര്‍ക്കാർ; സാധനങ്ങള്‍ നല്‍കുന്നത് വിലകൂട്ടി രേഖപ്പെടുത്തി

Jaihind News Bureau
Saturday, August 22, 2020

 

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്റിലും  തിരിമറി നടത്തി പിണറായി സർക്കാർ. മുഖ്യമന്ത്രി വൻ പ്രചാരം നൽകി പ്രഖ്യാപിച്ച ഓണക്കിറ്റിലെ സാധനങ്ങള്‍ വിലകൂട്ടി ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അധികചെലവ് കണ്ടെത്താനാണ് ബില്ലിൽ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

ജനങ്ങൾക്കായി 500 രൂപയുടെ ഓണക്കിറ്റ് നൽകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ കിറ്റിലുള്ള സാധനങ്ങൾ എല്ലാംകൂടി കണക്ക് കൂട്ടിയിട്ടിട്ടും 356 രൂപയുടെ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. കൂടാതെ ശർക്കരയുടെ ഓരോ പായ്ക്കറ്റിലും 50 മുതൽ 100 വരെ ഗ്രാം കുറവുണ്ടെന്നാണു കണ്ടെത്തിയത്. അതിനിടെ സൗജന്യകിറ്റിൽ നൽകുന്ന സാധനങ്ങൾക്ക് വാങ്ങിയ വിലയേക്കാൾ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ നിർദ്ദേശം നൽകിയ തെളിവുകളും പുറത്ത് വന്നിരുന്നു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം ആളുകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റിൽ 146 രൂപയുടെ സാധനത്തിന്‍റെ കുറവുണ്ട്. അതായത് 146 രൂപവെച്ച് 88,00,000 പേർക്ക് 129 കോടി രൂപയുടെ ക്രമക്കേടാണ് ഉണ്ടായത്.

സംഭവം വിവാദമായതോടെ സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഓണക്കിറ്റിൽ തൂക്കത്തിലും അളവിലും ക്രമക്കേട് നടത്തിയവർക്കെതിരേ നടപടിയുണ്ടാകും. സാധനങ്ങൾ വിതരണം ചെയ്തവർക്കും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കും വീഴ്ചവന്നതായി വിജിലൻസ് കണ്ടെത്തി. പരിശോധന നടന്ന ഓരോ സെന്‍ററുകളിലും കണ്ടെത്തിയ അപാകങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്കെതിരേ നടപടിക്ക് ശുപാർശ ചെയ്യുമെന്നും വിജിലൻസ് വ്യക്തമാക്കുന്നു.

ഇതിന് പുറമെ പായ്ക്കിങ് കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന തുടരും. ഗുണനിലവാരം കർശനമായി പരിശോധിക്കണമെന്ന് ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി ഉയർന്നതിനാൽ സപ്ലൈകോയുടെ 58 പായ്ക്കിങ് സെന്‍ററുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതോടെ കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഇരട്ട പ്രഹരം നൽകുന്ന നടപടിയാണ് സർക്കാർ ഇക്കാര്യത്തിലും സ്വീകരിച്ചത്.

 

teevandi enkile ennodu para