വളര്‍ത്തുനായയെ തല്ലിക്കൊന്ന് മറ്റൊരു നായയുടെ പുറത്ത് കെട്ടിവെച്ചു; കെട്ട് മുറുകി വേദനകൊണ്ട് പുളഞ്ഞ് നായ; ക്രൂരത

Jaihind Webdesk
Thursday, February 3, 2022

 

പത്തനംതിട്ട : നായകളോട് സാമൂഹ്യവിരുദ്ധരുടെ കൊടും ക്രൂരത. പത്തനംതിട്ട റാന്നി പെരുന്തേനരുവിക്ക് സമീപം വളർത്തുനായയെ തല്ലിക്കൊന്ന് ജീവനുള്ള നായയുടെ ശരീരത്തിൽത്തിൽ കെട്ടി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

ഇന്ന് പകൽ പത്ത് മണിയോടെയാണ് ദാരുണമായ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന നായയെ ആണ് കൊന്ന് ജീവനുള്ള നായയുടെ അര ഭാഗത്ത് തുടൽ ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിൽ ഉപേക്ഷിച്ചത്. നാട്ടുകാർ കാണുമ്പോൾ കെട്ട് മുറുകി വേദന കൊണ്ട് പുളയുന്ന അവസ്ഥയിലായിരുന്നു ജീവനുള്ള നായ.

നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ചന്ദ്രൻ എന്ന ആൾക്ക് കടിയേൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മൃഗ സംരക്ഷണ വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി ചങ്ങല അഴിച്ച് നായയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.