‘ഇന്ത്യ സഖ്യത്തെ ജനം അധികാരത്തിലെത്തിക്കും; ബിജെപി പിന്നിലായതോടെ മോദിയുടെ ഭാഷ മാറി’: ജയ്റാം രമേശ്

Jaihind Webdesk
Friday, May 24, 2024

 

റായ്പുർ/ഛത്തീസ്ഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തെ ജനം അധികാരത്തിലെത്തിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ബിജെപി പിന്നിലായെന്ന് മനസിലായതോടെയാണ് മോദിയുടെ ഭാഷ മാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മുതലാളിത്ത സുഹൃത്തുക്കളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ കർഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളിയില്ല. അതേസമയം ഡോ. മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 72,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നതായും ജയ്റാം രമേശ് ഛത്തീസ്ഗഢിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കർഷകപ്രേമം നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയ്റാം രമേശ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കർഷക നീതി എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുതലക്കണ്ണീരാണ്. കർഷകർക്കായി 5 നീതിയാണ് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജയ്റാം രമേശ് ഛത്തീസ്ഗഢിൽ പറഞ്ഞു. ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തന്നെ ദക്ഷിണേന്ത്യയിലും ഉത്തരത്തിലും ബിജെപി വളരെയേറെ പിന്നിൽ പോയെന്ന് വ്യക്തമാണ്. ഇതോടെയാണ് പ്രധാനമന്ത്രി മോദിയുടെ ഭാഷ മാറിയത്. ഇന്ത്യാ സഖ്യത്തെ അധികാരത്തിലെത്തിക്കുന്ന വ്യക്തമായ ജനവിധി ലഭിക്കുമെന്ന് ഉറപ്പായതായും ജയ്റാം രമേശ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.