ജനം വിധിയെഴുത്തിലൂടെ മോദിക്ക് നല്‍കിയത് വ്യക്തമായ സന്ദേശം; ഉള്‍ക്കൊള്ളാന്‍ തയാറാകാത്തത് നിരാശാജനകം: സോണിയാ ഗാന്ധി | ലേഖനം

Jaihind Webdesk
Saturday, June 29, 2024

 

ന്യൂഡല്‍ഹി: സ്വയം ദൈവിക പരിവേഷം ചാർത്തിയ നരേന്ദ്ര മോദിക്ക് എതിരെയാണ് രാജ്യത്തിന്‍റെ വിധിയെഴുത്തെന്ന് വ്യക്തമായിട്ടും ഇതു മനസിലാക്കാത്ത രീതിയില്‍ മോദി മുന്നോട്ടുപോകുന്നത് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണ്‍ സോണിയാ ഗാന്ധി. വോട്ടർമാർ നല്‍കിയ സന്ദേശം ഇനിയും മോദി ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ലെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്, നീറ്റ് ചോദ്യപേപ്പർ ചോർച്ച, ന്യൂനപക്ഷ അതിക്രമം, മണിപ്പൂരിലെ നിസംഗത തുടങ്ങി വിവിധ വിഷയങ്ങള്‍ പരാമർശിച്ചുകൊണ്ടായിരുന്നു സോണിയാ ഗാന്ധിയുടെ വിമർശനം. സാധാരണക്കാരുടെ ശബ്ദം പാർലമെന്‍റിലുയർത്താനായി ഇന്ത്യാ സഖ്യം നിലകൊള്ളുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. മൂന്നാം എന്‍ഡിഎ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് എഴുതിയ ലേഖനത്തിലായിരുന്നു സോണിയാ ഗാന്ധി മോദി സർക്കാർ തുടരുന്ന അപകടകരമായ പ്രവണതകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സോണിയാ ഗാന്ധിയുടെ ലേഖനത്തിന്‍റെ പൂർണരൂപം:

2024 ജൂൺ 4-ന് നമ്മുടെ രാജ്യത്തെ വോട്ടർമാർ വ്യക്തമായി വിധിയെഴുതി. പ്രചാരണ വേളയിൽ സ്വയം ദൈവിക പദവി നൽകിയ ഒരു പ്രധാനമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയവും ധാർമ്മികവുമായ പരാജയത്തിന്‍റെ സൂചനയായിരുന്നു അത്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍റെ ശൈലിയെയും തള്ളുന്ന, ഭിന്നിപ്പിന്‍റെയും വിയോജിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെ നിരാകരണം കൂടിയായിരുന്നു ജനവിധി.

എന്നിട്ടും ഒന്നും മാറിയിട്ടില്ലെന്ന മട്ടിലാണ് പ്രധാനമന്ത്രി തുടരുന്നത്. അദ്ദേഹം സമവായത്തിന്‍റെ മൂല്യം പ്രസംഗിക്കുന്നു, പക്ഷേ തിരഞ്ഞെടുക്കുന്നതാകട്ടെ ഏറ്റുമുട്ടലിന്‍റെ പാതയും. നിർഭാഗ്യവശാല്‍, തിരഞ്ഞെടുപ്പ് ഫലവുമായി അദ്ദേഹം പൊരുത്തപ്പെട്ടു എന്നതിനോ ദശലക്ഷക്കണക്കിന് വോട്ടർമാർ വിധിയെഴുത്തിലൂടെ അദ്ദേഹത്തിന് നല്‍കിയ സന്ദേശം മനസിലാക്കി എന്നതിനോ ഒരു ചെറിയ സൂചനപോലുമില്ല. 18-ാം ലോക്‌സഭയുടെ ആദ്യ ദിവസങ്ങൾ നിരാശാജനകമായിരുന്നു. മാറിയ മനോഭാവം കാണാനാകുമെന്ന ചെറിയ പ്രതീക്ഷയും തകർന്നിരിക്കുന്നു. പരസ്പര ബഹുമാനത്തിന്‍റെയും അംഗീകരിക്കലിന്‍റെയും ഒരു പുതിയ മനോഭാവം, സൗഹൃദം വളർത്തിയെടുക്കപ്പെടുമെന്ന പ്രതീക്ഷയും തെറ്റിയിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പ്രതിനിധികൾ സ്പീക്കർ സ്ഥാനത്തേക്ക് ഏകകണ്ഠമായ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യാ സഖ്യ പാർട്ടികൾ പ്രധാനമന്ത്രിയോട് പറഞ്ഞത് വായനക്കാരെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രതികരണം ലളിതവും നേരായ മാർഗത്തിലുമുള്ളതായിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പില്‍ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം കീഴ്വഴക്കത്തിനും പാരമ്പര്യത്തിനും അനുസൃതമായി, പ്രതിപക്ഷ നിരയിൽ നിന്നുള്ള അംഗത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്നത് ന്യായമായും പ്രതീക്ഷിക്കേണ്ടതാണ്. എന്നാല്‍ തികച്ചും ന്യായമായ ഈ ആവശ്യം 17-ാം ലോക്‌സഭയിലും ഭരണഘടനാപരമായ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിറവേറ്റാത്ത ഒരു ഭരണകൂടത്തിന് സ്വീകാര്യമല്ലായിരുന്നു.

തുടർന്ന്, പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയും ചേർന്ന് അടിയന്തരാവസ്ഥയെ സഭയിലേക്ക് വലിച്ചിഴച്ചു. അതിശയകരമെന്നു പറയട്ടെ, കർശനമായ നിഷ്പക്ഷത മാത്രം പാലിക്കേണ്ട, രാഷ്ട്രീയനിലപാടുകള്‍ക്ക് അതീതനായി നിലകൊള്ളേണ്ട സ്പീക്കറും അതിനൊപ്പം നിന്നു. ഭരണഘടന, അതിന്‍റെ അടിസ്ഥാന തത്വങ്ങൾ, മൂല്യങ്ങൾ, അത് സൃഷ്ടിക്കുകയും ശാക്തീകരിക്കുകയും ചെയ്ത സ്ഥാപനങ്ങളുടെ മേലുള്ള ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഈ ശ്രമം പാർലമെന്‍റിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഒരിക്കലും നല്ലതല്ല. 1977 മാർച്ചിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ അടിയന്തരാവസ്ഥയ്ക്ക് വ്യക്തമായ വിധി പുറപ്പെടുവിച്ചു എന്നത് ഒരു ചരിത്ര വസ്തുതയാണ്, അത് മടികൂടാതെയും അസന്ദിഗ്ധമായും അംഗീകരിക്കപ്പെട്ടു. എന്നാല്‍ മൂന്ന് വർഷത്തിനുള്ളിൽ അതേ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി, മോദിയും അദ്ദേഹത്തിന്‍റെ പാർട്ടിയും ഒരിക്കലും നേടിയിട്ടില്ലാത്ത ഭൂരിപക്ഷത്തോടെ, അതും ചരിത്രത്തിന്‍റെ ഭാഗമാണ്.

വിപുലമായ ചർച്ചകൾ ആവശ്യമായ വിഷയങ്ങൾ

നമ്മൾ മുന്നോട്ടു നോക്കേണ്ടതുണ്ട്. പാർലമെന്‍റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട 146 പാർലമെന്‍റ് അംഗങ്ങളുടെ വിചിത്രവും അഭൂതപൂർവവുമായ സസ്പെൻഷൻ, അടുത്തു കൊണ്ടുവരാന്‍പോകുന്ന മൂന്നു ക്രിമിനൽ ജസ്റ്റിസ് നിയമങ്ങൾ ഒരു ചർച്ചയും കൂടാതെ പാസാക്കാൻ വേണ്ടിയായിരുന്നു. നിരവധി നിയമ വിദഗ്ധരും മറ്റു പലരും ഈ നിയമങ്ങളെക്കുറിച്ച് കടുത്ത ആശങ്കകൾ പങ്കുവെച്ചിരുന്നു. അംഗീകൃത പാർലമെന്‍ററി സമ്പ്രദായത്തിന് അനുസൃതമായി, പ്രത്യേകിച്ച് 2024 ലെ തിരഞ്ഞെടുപ്പ് വിധി മുതൽ പാർലമെന്‍റിന്‍റെ പൂർണ്ണ പരിശോധനയ്ക്ക് വിധേയമാകുന്നതുവരെ ഈ നിയമങ്ങൾ അസാധുവായി സൂക്ഷിക്കേണ്ടതല്ലേ? അതുപോലെ, കഴിഞ്ഞ വർഷം പാർലമെന്‍റിലെ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍വനസംരക്ഷണത്തിനും ജൈവ വൈവിധ്യ സംരക്ഷണ വനനിയമങ്ങൾക്കും ഭേദഗതികൾ കൊണ്ടുവന്നു. ഗ്രേറ്റ് നിക്കോബാർ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമ്പോൾ പാരിസ്ഥിതികവും മാനുഷികവുമായ ഒരു ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത്. സമവായത്തിനും സമ്പൂർണ്ണ സംവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം നിയമങ്ങൾ പാസാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ആഗ്രഹത്തിന് അർത്ഥം നൽകണമെങ്കില്‍ ഇവയും പുനഃപരിശോധിക്കപ്പേടേണ്ടതല്ലേ?

നമ്മുടെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തിൽ ദുരന്തം വിതച്ച നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഴിമതിയുടെ യഥാർത്ഥ വ്യാപ്തിയെ ലഘൂകരിച്ചു കാണിക്കുന്നതായിരുന്നു വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രതികരണം. ‘പരീക്ഷ പേ ചർച്ച’ നടത്തുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളെ തകർത്ത ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് തീർത്തും നിശബ്ദത പാലിക്കുകയാണ്. അനിവാര്യമായ ‘ഉന്നതാധികാര സമിതികള്‍’ രൂപീകരിച്ചു, എന്നാൽ യഥാർത്ഥ പ്രശ്നം നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്‍റ് ട്രെയിനിംഗ്, യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ, യൂണിവേഴ്സിറ്റികൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊഫഷണലിസത്തിന് കഴിഞ്ഞ 10 വർഷത്തിനിടെ ആഴത്തില്‍ സംഭവിച്ച തകർച്ച തന്നെയാണ്.

അതിനിടെ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്‍റെയും ഭീഷണിയുടെയും പ്രചാരണം വീണ്ടും ശക്തമായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ബുൾഡോസറുകൾ കേവലം ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ വീണ്ടും തകർക്കുന്നു. നിയമാനുസൃതമായ നടപടിക്രമങ്ങൾ ലംഘിച്ചുകൊണ്ട് കൂട്ടായ ശിക്ഷ നടപ്പാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വർഗീയ കുതന്ത്രങ്ങളും നഗ്നമായ കള്ളക്കഥകളും കണക്കിലെടുക്കുമ്പോൾ ഇതൊന്നും തന്നെ ആശ്ചര്യകരമല്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ട മോദി തന്‍റെ സ്ഥാനത്തിന്‍റെ മാന്യതയും മര്യാദയും എല്ലാം മറന്ന് തീർത്തും പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയത്.

2022 ഫെബ്രുവരിയിൽ മണിപ്പൂരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍, 15 മാസത്തിനുള്ളിൽ മണിപ്പുർ കത്താൻ തുടങ്ങി-അല്ലെങ്കിൽ കത്താൻ അനുവദിച്ചുവെന്ന് പറയണം. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് നാടുവിടേണ്ടിവരികയും ചെയ്തു. ഏറ്റവും സെൻസിറ്റീവ് ആയ ഈ സംസ്ഥാനത്ത് സാമൂഹിക ഐക്യം തകർന്നിരിക്കുന്നു. എന്നിട്ടും സംസ്ഥാനം സന്ദർശിക്കാനോ രാഷ്ട്രീയ നേതാക്കളെ കാണാനോ പ്രധാനമന്ത്രി സമയം കണ്ടെത്തുകയോ തയാറാവുകയോ ചെയ്തില്ല. അദ്ദേഹത്തിന്‍റെ പാർട്ടിക്ക് അവിടെ രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടപ്പെട്ടതിൽ അതിശയിക്കാനില്ല. മണിപ്പൂരിലെ വൈവിധ്യമാർന്ന സമൂഹത്തെ വിഴുങ്ങിയ പ്രതിസന്ധിയെ അദ്ദേഹം ഏറ്റവും നിർവികാരമായി കൈകാര്യം ചെയ്തതിന് തിരിച്ചടി കിട്ടിയിട്ടും ഇത് ഒരു സ്വാധീനവും അദ്ദേഹത്തില്‍ ചെലുത്തിയതായി കാണാനാകുന്നില്ല.

നാൽപ്പത് ദിവസത്തിലേറെയായി താൻ നടത്തിയ പ്രചാരണത്തിലൂടെ പ്രധാനമന്ത്രി സ്വയം വിലകുറയുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ വാക്കുകൾ ആ പദവിയുടെ അന്തസിനും നമ്മുടെ സാമൂഹിക ഘടനയ്ക്കും പറയാനാവാത്ത നാശം വരുത്തി. സബ്കാ സാഥ്, സബ്കാ വികാസ് എന്നു വാഗ്ദാനം നല്‍കി 400-ലധികം പാർലമെന്‍റ് സീറ്റുകൾക്കായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം നിരസിച്ചതിലൂടെ നമ്മുടെ കോടിക്കണക്കിന് ആളുകൾ ശക്തമായ സന്ദേശം നൽകിയത് മോദി  ആത്മപരിശോധന നടത്തുകയും തിരിച്ചറിയുകയും വേണം.

പ്രതിപക്ഷം ഇന്ത്യയുടെ ശബ്ദം പ്രതിഫലിപ്പിക്കും

ഇന്ത്യാ ബ്ലോക്ക് പാർട്ടികൾ ഏറ്റുമുട്ടൽ നിലപാടിനല്ല ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർലമെന്‍റിൽ ക്രിയാത്മകമായും നടപടിക്രമങ്ങളിൽ നിഷ്പക്ഷത പുലർത്താനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെ നേതാക്കൾ വ്യക്തമാക്കി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ സർക്കാരും അനുകൂലമായി പ്രതികരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തുടക്കത്തില്‍ കാണാനാകുന്ന സൂചനകള്‍ നല്ലതല്ല, എങ്കിലും പാർലമെന്‍റിൽ സന്തുലനാവസ്ഥയും ക്രിയാത്മകതയും പുനഃസ്ഥാപിക്കാൻ പ്രതിപക്ഷത്തുള്ള ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അവരുടെ പ്രതിനിധികളായി ഞങ്ങളെ അയച്ച ദശലക്ഷക്കണക്കിന് ആളുകളുടെ ശബ്ദം സഭയിലുയർത്തുകയും അവരുടെ ആശങ്കകൾ ഉന്നയിക്കുകയും ചെയ്യും. നമ്മുടെ ജനാധിപത്യ കടമകൾ നിറവേറ്റാൻ ഭരണപക്ഷം സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.