97ാമത് ഓസ്കാര്‍ മാര്‍ച്ച് 2 തിങ്കളാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നത്. ഓവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ഷോ നടക്കുന്നത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2025 ലെ നോമിനേഷനുകളില്‍ ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് മുന്നില്‍ നില്‍ക്കുന്നത്. 13 നോമിനേഷനുകളാണ് ഈ ചിത്രം നേടിയത്. കൂടാതെ, ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള റെക്കോര്‍ഡും ഈ ചിത്രം സ്വന്തമാക്കി. അതേസമയം ഇന്ത്യന്‍ സിനിമളൊന്നും ഓസ്കറിന് ഇടം നേടിയില്ല എന്നത് ഇന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.
എമിലിയ പെരെസിന് പിന്നാലെ ദി ബ്രൂട്ടലിസ്റ്റ്, ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കഡ് എന്നിവയും 10 നോമിനേഷനുകള്‍ വീതം നേടി സമനിലയിലായി. എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ് എന്നീ ചിത്രങ്ങള്‍ക്ക് എട്ട് നോമിനേഷനുകളും ലഭിച്ചു. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിര്‍മിച്ച ‘അനുജ’ എന്ന ചിത്രം ഇടം നേടി. എന്നാല്‍ അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയില്‍ ഇടം നേടിയിരുന്ന കേരളത്തില്‍ നിന്നുള്ള ആടുജീവിതം, ഓള് വീ ഇമാജിന്‍ അസ് ലൈറ്റ് എന്ന ചിത്രങ്ങളും തമിഴ് ചിത്രം കങ്കുവയും നിരാശയാണ് നല്‍കിയത്.