വണ്ടിപ്പെരിയാർ കേസില്‍ ഒന്നാം പ്രതി സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Thursday, February 1, 2024

 

തിരുവനന്തപുരം: കേരളത്തിന്‍റെ സമൂഹ മനസാക്ഷിയെ നടുക്കിയ വണ്ടിപ്പെരിയാർ പീഡന കൊലപാതകക്കേസ് സഭയില്‍ ഉയർത്തി പ്രതിപക്ഷം. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കപ്പെട്ടെന്നും പ്രതികളെ സഹായിക്കുന്ന തരംതാണ അന്വേഷണമാണ് നടന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേസില്‍ ഒന്നാം പ്രതി സർക്കാരാണെന്നും അപ്പീലല്ല, പുനഃരന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് നോട്ടീസ് നല്‍കിയത്. പ്രതി ഡിവൈഎഫ്ഐക്കാരനാണെന്നും പ്രതിയുടെ പിതാവ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറി പോയി സഹായം നൽകിയതുകൊണ്ട് കുറ്റം ഇല്ലാതാകില്ല. പ്രതികളെ സഹായിക്കുന്ന തരംതാണ അന്വേഷണമാണ് നടന്നത്. അന്വേഷണ ഉദ്യോഗത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയാറായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് പുനഃരന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടി കൈക്കൊള്ളും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആദ്യ ദിവസം മുതൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ അട്ടിമറിച്ചെന്ന് തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പോസ്റ്റ്മോർട്ടം പോലും ഒഴിവാക്കാനുള്ള ശ്രമം ഉണ്ടായി. പ്രതിയെ വെറുതെ വിട്ടശേഷം പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിക്കുന്ന സാഹചര്യം. കമ്യൂണിസ്റ്റ് പാർട്ടി പാരമ്പര്യം മറന്ന് ഇന്ന് വാരിക്കുന്തവുമായി പ്രതിക്ക് കാവൽ നിൽക്കുകയാണ് ചെയ്യുന്നത്. നാടിനു തന്നെ അപമാനമായ അന്വേഷണമാണ് നടന്നത്. ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗത്തിനെതിരെ നടപടിയെടുത്തില്ല. കുട്ടിക്ക് നീതി കൊടുക്കുവാൻ സർക്കാർ മനപ്പൂർവമായി തയാറായില്ല. വണ്ടിപ്പെരിയാർ കേസിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.