
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശത്തുനിന്ന് എത്തുന്ന ഭരണാധികാരികളും പ്രതിനിധികളും താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
വിദേശത്തുനിന്ന് എത്തുന്ന അതിഥികള്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സര്‍ക്കാര്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും, താനുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍കാലങ്ങളില്‍ വിദേശത്തുനിന്ന് വരുന്ന പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷവും ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നു. ഇതാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നയം,’ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജനാധിപത്യ സംവിധാനത്തില്‍ വിദേശ നയതന്ത്രജ്ഞര്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവുമായും സംവദിക്കുന്ന കീഴ്വഴക്കം ലംഘിക്കപ്പെടുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടുന്നത്.