പോലീസുകാരുടെ മാനസിക സമ്മർദ്ദവും വർധിക്കുന്ന ആത്മഹത്യയും അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം; ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകളും സഭയില്‍

Jaihind Webdesk
Monday, July 1, 2024

 

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദവും വർധിച്ചുവരുന്ന ആത്മഹത്യയും അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മതിയായ അംഗബലം ഉറപ്പാക്കാതെ അമിത ജോലിഭാരം പോലീസുകാരിൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആഭ്യന്തരവകുപ്പിന്‍റെ വിവിധ വീഴ്ചകൾക്കെതിരെയും പ്രതിപക്ഷം കടന്നാക്രമണം നടത്തി. ക്രിമിനലുകൾക്ക് സിപിഎം രാഷ്ട്രീയ സംരക്ഷണം നൽകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

അമിത ജോലിഭാരം സൃഷ്ടിക്കുന്ന മാനസിക സംഘർഷത്തിൽ പാറശാല സ്വദേശി മദനകുമാർ അടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സാഹചര്യം പി.സി. വിഷ്ണുനാഥാണ് അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ചത്. എട്ടുമണിക്കൂർ ഡ്യൂട്ടി എന്നത് പോലീസുകാർക്ക് സ്വപ്നം കാണുവാൻ പോലും കഴിയുന്നില്ലെന്നും മതിയായ അംഗബലം ഉറപ്പാക്കാതെ അമിത ജോലിഭാരം പോലീസുകാരിൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്റ്റേഷന്‍റെ പ്രവർത്തനം സുഗമമാക്കുവാൻ 118 പോലീസ് ഉദ്യോഗസ്ഥർ വേണ്ട സ്ഥലത്ത് 44 പോലീസുകാർ മാത്രമാണ് സ്റ്റേഷനുകളിൽ ഉള്ളതെന്നും അദേഹം പറഞ്ഞു. റാങ്ക് പട്ടികയിൽ ഉള്ളവർ മുട്ടിലിഴഞ്ഞ് നിയമനത്തിന് കേണപേക്ഷിക്കുമ്പോൾ സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നതായി പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

പോലീസിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാക്കൗട്ട് പ്രസംഗം നടത്തിയത്. ക്രിമിനലുകൾക്ക് സിപിഎം രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റികളാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത മദനകുമാറിന് കുടുംബ ആരോഗ്യ സാമ്പത്തിക മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നതായ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.