തിരുവനന്തപുരം: റബ്ബറിന്‍റെ വിലയിടിവും കർഷകർ നേരിടുന്ന പ്രതിസന്ധികളും അടിയന്തരപ്രമേയ വിഷയമായി കൊണ്ടുവന്ന് കാർഷിക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം സഭയിൽ ഉയർത്തി പ്രതിപക്ഷം. റബ്ബറിന് 300 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കാർഷിക മേഖലയോട് കടുത്ത അവഗണന കാട്ടുന്ന സർക്കാർ റബറിന്‍റെ വിലയിടിവിന് പരിഹാരം കാണാൻ യാതൊന്നും ചെയ്യുന്നില്ലെന്ന് അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ചുകൊണ്ട് മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.
റബ്ബർ താങ്ങുവില 300 രൂപയാക്കണമെന്നും ഇടതുമുന്നണി നേരത്തെ വാഗ്ദാനം ചെയ്ത 250 രൂപയെങ്കിലും ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബർ ബോർഡ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും
കേരളത്തിൽനിന്ന് ബോർഡിനെ പറിച്ചുമാറ്റാൻ ശ്രമം നടക്കുകയാണെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
റബ്ബർ ബോർഡ് കർഷകർക്ക് നൽകുന്ന പിന്തുണയിൽ നിന്ന് പിന്മാറുകയാണെന്നും വടക്കൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ കൈയിൽ പണമില്ലാത്തതിനാൽ കർഷകർക്ക് വില സ്ഥിരതാ ഫണ്ടിന് അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനക്ഷമമാക്കാതെ ഒളിച്ചു കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കർഷകർ പ്രതിസന്ധി നേരിടുമ്പോഴും വില സ്ഥിരതാ ഫണ്ട് വർധിപ്പിച്ച് അവരെ സഹായിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.