സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ്; ഇടത് ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ്

Jaihind Webdesk
Tuesday, November 22, 2022

 

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് ഉടനീളം നടന്നിയ ഒരു ലക്ഷത്തോളം വരുന്ന പിൻവാതിൽ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയത് അത്യന്തം പരിതാപകരമാണ്. നഗരസഭ കത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈം ബ്രാഞ്ചിനെ നാണംകെടുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രൂക്ഷമായ ഭരണസ്തംഭനത്തിലേക്ക് സംസ്ഥാനം എത്തിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഗവർണറും സർക്കാരും ഒരുമിച്ചാണ് നീങ്ങുന്നത്. ഒരുമിച്ച് തെറ്റുകൾ ചെയ്തവരാണ് സർക്കാരും ഗവർണറും. പരസ്പരം കൊടുക്കൽ വാങ്ങൽ നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിവിധ വിഷങ്ങൾ ഉന്നയിച്ച് യുഡിഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.

കോൺഗ്രസും പോഷക സംഘടനകളും പോർമുഖത്ത് നിൽക്കുമ്പോൾ അതിന്‍റെ ഫോക്കസ് മാറ്റാൻ നടത്തുന്ന ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. ഒരു തരത്തിലും സമാന്തര വിഭാഗീയ പ്രവർത്തനം കോൺഗ്രസിൽ അനുവദിക്കില്ല.കേരളത്തിലെ കോണ്‍ഗ്രസിനെ ദുർബലമാക്കാനുള്ള ഒരു അജണ്ട നടക്കുന്നുണ്ടെന്നും ഇതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം നീക്കങ്ങളെ അംഗികരിക്കില്ല. പാർട്ടിക്കാർക്ക് ഇതിൽ ബന്ധമുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കില്ല. കോൺഗ്രസിൽ എല്ലാവർക്കും അവരുടേതായ ഇടം ഉണ്ടാകും അത് ആരും കവരില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.