നിയമസഭാ സംഘർഷത്തിലെ നോട്ടീസ്; ഭീഷണി പ്രതിപക്ഷത്തോട് വേണ്ടെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Thursday, April 20, 2023

 

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്റ്റാഫ് അംഗങ്ങളെ കെട്ടിത്തൂക്കുമെന്നും മൂക്കില്‍ക്കയറ്റുമെന്നുമുള്ള ഭീഷണി പ്രതിപക്ഷത്തോട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. ലാഘവത്തോടെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സെക്രട്ടേറിയറ്റിലെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫുകള്‍ക്ക് വരെ നോട്ടീസ് നല്‍കി. പലരുടെയും പേരും തസ്തികയും തെറ്റിച്ചാണ് നോട്ടീസ്. ഇല്ലാത്ത പഴ്‌സണല്‍ അസിസ്റ്റന്‍റിന്‍റെ പേരില്‍ പോലും നോട്ടീസയച്ചു. അത്രയും ലാഘവത്തോടെയാണ് നിയമസഭ സെക്രട്ടേറിയറ്റ് വിഷയം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണം. സ്റ്റാഫ് അംഗങ്ങളെ കെട്ടിത്തൂക്കുമെന്നും മൂക്കില്‍ക്കയറ്റുമെന്നുമുള്ള ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും സ്റ്റാഫ് അംഗങ്ങള്‍ വീഡിയോ പകര്‍ത്തിയതിന്‍റെ തെളിവുണ്ടായിട്ടും അവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള ധൈര്യം നിയമസഭാ സെക്രട്ടേറിയറ്റിനുണ്ടായില്ല. നിയമസഭയിലെ സംഭവങ്ങളുടെ തുടര്‍ച്ചയായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്. ഘടകകക്ഷികളുമായി ആലോചിച്ച് ഇതിനെതിരെ നിയമനടപടി സ്വീകരിക്കും” – പ്രതിപക്ഷ നേതാവ് പറഞ്ഞു.