പിവി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ അനധികൃത നിര്‍മാണം തൊടാതെ പഞ്ചായത്ത് അധികൃതര്‍; പൊളിച്ചുനീക്കണമെന്ന ഉത്തരവ് വീണ്ടും ലംഘിച്ചു

 

പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാനുള്ള ഓംബുഡ്‌സ്മാന്‍ ഉത്തരവ് രണ്ടാം തവണയും നടപ്പാക്കിയില്ല. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് ഓംബുഡ്‌സമാന്‍റെ ഉത്തരവ് നടപ്പാക്കാതിരുന്നത്.

റസ്‌റ്റോറന്‍റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്ക്ക് കുറുകെ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാനാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടിരുന്നത്.
ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍റെ ഉത്തരവ് രണ്ടാം തവണയും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല. റോപ് വേ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ 25 ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സമാൻ നവംബര്‍ 30 ന് ഉത്തരവ് നൽകിയിരുന്നു. നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്‍റെ പരാതിയിലായിരുന്നു നടപടി.

കഴിഞ്ഞ നവംബര്‍ 30 നകം റോപ് വേയും അനധികൃത നിര്‍മ്മാണങ്ങളും പൊളിക്കാന്‍ സെപ്തംബര്‍ 22ന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഓംബുഡ്‌സ്മാന്‍ ഉത്തരവ് കിട്ടാന്‍ വൈകിയെന്നും എം.എല്‍.എയുടെ ഭാര്യാപിതാവിനെ നോട്ടീസ് അയച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വാദം ഉയര്‍ത്തിയാണ് അന്ന് പഞ്ചായത്ത്
ഉത്തരവ് നടപ്പാക്കാതിരുന്നത്. ഇതോടെ ഭരണസംവിധാനത്തിന്‍റെ പിഴവും കാലതാമസവും ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പൊളിച്ചുനീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഓംബുഡ്‌സ്മാന്‍ രണ്ടാമതും ഉത്തരവ് നല്‍കിയത്. വീഴ്ചവരുത്തിയാല്‍ സെക്രട്ടറിക്ക് പിഴശിക്ഷ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റോപ് വേയും അനധികൃത നിര്‍മ്മാണങ്ങളും പഞ്ചായത്ത് പൊളിച്ച് നീക്കിയിട്ടില്ല.

അതേസമയം റോപ് വേ പൊളിക്കാന്‍ 1,48,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. കേസ് നാളെ ഓംബുഡ്‌സ്മാന്‍ പരിഗണിക്കുന്നുണ്ട്.

Comments (0)
Add Comment