ബംഗളുരു: ജെഡിഎസ് എംപിയും ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേഖണ്ണയുടെ അശ്ലീല വീഡിയോ വിവാദം ലോക്സഭാ തിരഞ്ഞടുപ്പിലെ മൂന്നാം ഘട്ടത്തിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. വിഷയത്തിൽ ബിജെപി കേന്ദ്ര-സംസ്ഥാന ഘടകങ്ങൾ വെട്ടിലായിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ജെഡിഎസ് ശ്രമിക്കുമ്പോഴും പാർട്ടിയിൽ കലാപം രൂക്ഷമാവുകയാണ്.
കേസ് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതോടെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. നേരത്തെയും സമാനമായ വിഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയായ വീട്ടുജോലിക്കാരി പരാതി നല്‍കിയതോടെയാണ് ഇത്തവണ കേസെടുത്തത്. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും പരാതിക്കാരി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരാളെയും വെറുതെ വിടില്ലെന്നും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.
അതേസമയം പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളെക്കുറിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികവീഡിയോകളെ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ കര്‍ണാടകയിലെ ബിജെപി നേതാവ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കത്ത് നല്‍കിയിരുന്നു. മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെഡിഎസിന് സീറ്റ് നല്കിയാല് ഇത് തിരിച്ചടിയാകുമെന്നുമാണ് ബിജെപി നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബിജെപിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും 2023 ഡിസംബര്‍ എട്ടാം തീയതി നല്കിയ കത്തില്‍ പറയുന്നുണ്ട്.