വി.എസിനെ കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി മുഖ്യമന്ത്രിയായത് പിൻവാതിൽ നിയമനം വഴി; എല്ലാ അനധികൃത പിൻവാതിൽ നിയമനങ്ങളും അടുത്ത യു.ഡി.എഫ് സർക്കാർ പിരിച്ചുവിടും : ഡോ. ശൂരനാട് രാജശേഖരൻ

Jaihind News Bureau
Monday, October 19, 2020

Sooranad-Rajasekharan-KPCC

വി.എസിനെ കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി മുഖ്യമന്ത്രിയായത് പിൻവാതിൽ നിയമനം വഴിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരൻ. എല്ലാ അനധികൃത പിൻവാതിൽ നിയമനങ്ങളും അടുത്ത യു.ഡി.എഫ് സർക്കാർ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രികൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് പാസായി റാങ്ക് ലിസ്റ്റിൽ കയറുന്ന യുവജനങ്ങളോട് അൽപം പോലും കരുണ കാണിക്കാതെ വേണ്ടപ്പെട്ടവരെയും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും സർക്കാർ സർവീസിലേക്ക് പിൻവാതിൽ നിയമനം നടത്തി റെക്കോഡ് സൃഷ്ടിക്കാനുള്ള ഓട്ടത്തിലാണ് പിണറായി സർക്കാർ. 11,674 പേരാണ് താൽക്കാലിക / കരാർ ജീവനക്കാർ മാത്രമാണ് ഉള്ളതെന്ന് പിണറായി പ്രതിപക്ഷ നേതാവിനെ ഒരു മാസം മുമ്പ് അറിയിച്ചത്.

1,17,264 താൽക്കാലിക / കരാർ / ദിവസ വേതന ജീവനക്കാർ സർക്കാർ വകുപ്പുകളിൽ മാത്രം ഉണ്ടെന്ന് ധനകാര്യ വകുപ്പിൽ നിന്ന് ലഭിച്ച വിവരവകാശ രേഖ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചപ്പോൾ തുടർച്ചയായി നുണകൾ പറയുന്ന പിണറായിയുടെ മുഖം കേരളീയ പൊതു സമൂഹത്തിൽ ഒന്നു കൂടെ വികൃതമായി.

സ്പാർക്ക് വഴി ശമ്പളം വാങ്ങിക്കാത്ത സി.ഡിറ്റ്, ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, കിൻഫ്ര, സ്വപ്ന സുരേഷിന് നീയമനം നൽകിയ സ്പേസ് പാർക്ക്, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ, ഗ്രാൻ്റ് ഇൻ എയിഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കരാർ നിയമനങ്ങൾ ഒന്നും ധനകാര്യ വകുപ്പിൽ നിന്ന് ലഭിച്ച കണക്കിൽ വരില്ല. എല്ലാം കൂടി കണക്ക് കൂട്ടിയാൽ 3 ലക്ഷത്തിനു മുകളിൽ വരും പിണറായി സർക്കാർ നടത്തിയ താൽക്കാലിക / കരാർ നിയമനങ്ങൾ. സർക്കാർ കാലാവധി തീരാൻ 7 മാസം അവശേഷിക്കെ, പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കങ്ങളാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിൽ നടക്കുന്നത്. വി.എസ്.അച്ചുതാനന്ദൻ എന്ന ജനകീയ പ്രതിച്ഛായയുള്ള നേതാവിനെ മുന്നിൽ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചതിനു ശേഷം, വി.എസിനെ മൂലയ്ക്കിരുത്തി പിൻവാതിൽ നിയമനം വഴി മുഖ്യമന്ത്രി ആയ പിണറായി വിജയൻ ഭരിക്കുമ്പോൾ പിൻവാതിൽ നീയമനങ്ങളിൽ റെക്കോഡിട്ടില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു. ഇടതുപക്ഷ സർക്കാർ നടത്തിയ എല്ലാ പിൻവാതിൽ അനധികൃത നിയമനങ്ങളും വരുന്ന യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരിക്കും എന്ന് കേരളത്തിലേക്ക് യുവജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.