2018ല്‍ കെ സുധാകരന്‍ എംപി അല്ല; മോന്‍സണുമായി ബന്ധമുണ്ടെന്ന വാർത്തകള്‍ അടിസ്ഥാനരഹിതം

Jaihind Webdesk
Monday, September 27, 2021

 

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന് കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതം. പരാതിയിൽ ഉന്നിയിച്ചിരിക്കുന്ന കാലയളവിൽ കെ സുധാകരൻ എംപി ആയിരുന്നില്ലെന്നത് പരാതിയുടെ സത്യാവസ്ഥ ചോദ്യംചെയ്യുന്നു. അതേസമയം മോന്‍സൺ മാവുങ്കലിന് മന്ത്രിമാരുമായും സർക്കാർ പ്രതിനിധികളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകള്‍ പുറത്തുവരുന്നുണ്ട്.

പരാതിയുടെ അവസാന ഭാഗത്താണ് കെ സുധാകരൻ എംപിയുടെ പേര് പരാമർശിക്കുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം കിട്ടാൻ 2018 നവംബറിൽ പണം കൈമാറിയെന്നാണ് പരാതി. പരാതിയിൽ പറയുന്നത് ഇങ്ങനെ. ‘നവംബർ മാസം ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്‌സിൽ നിരന്തരമായി വിളിക്കുകയും 25 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ ബുദ്ധിമുട്ടാണെന്ന് അനൂപ് അറിയിച്ചതിനെ തുടർന്ന് കണ്ണൂർ എം.പി കെ സുധാകരന്‍റെ നേതൃത്വത്തിൽ പാർലമെന്‍റ് പബ്ലിക്ക് ഫിനാൻസ് കമ്മിറ്റിയെ കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും ആയതിന് പണം വേണമെന്നും വേണമെങ്കിൽ എം പിയോട് നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്താമെന്നും പറയുന്നു. ഇതനുസരിച്ച്
2018 നവംബർ 22 ന് മോൺസൺ മാവുങ്കൽ കലൂരിലെ വീട്ടിലെത്തുകയും കെ സുധാകരൻ എംപിയുമായി ഡൽഹിയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഡൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറി’ എന്നാണ് പരാതി.

എന്നാൽ സത്യാവസ്ഥ ഇങ്ങനെ. 2018 നവംബർ 22 ന് കെ സുധാകരൻ എംപി ആയിരുന്നില്ല. എംപി അല്ലാതിരുന്ന അദ്ദേഹം പാർലമെൻറിലെ പബ്ലിക്ക് ഫിനാൻസ് കമ്മിറ്റിയിൽ അംഗമായിരുന്നത് എങ്ങനെ എന്ന ചോദ്യവും പ്രസക്തമാണ്. അതേസമയം മോൺസൺ മാവുങ്കലിന് നിലവിലെ മന്ത്രിമാരുമായും സർക്കാർ പ്രതിനിധികളുമായും അടുത്ത ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിമാരും മുൻമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.