ജനത്തിന് ഉപകാരമില്ലാത്ത മുഖ്യമന്ത്രിയുടെ ആഡംബര യാത്ര; പ്രതിഷേധ സമരത്തിൻ്റെ ഗതി മാറുമെന്ന് അലോഷ്യസ് സേവ്യർ

Jaihind Webdesk
Sunday, December 10, 2023

x

 

തിരുവനന്തപുരം: പൊതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവർക്ക് യാതൊരു പ്രയോജനവുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ആഡംബര യാത്രക്കെതിരായ പ്രതിഷേധ സമരത്തിൻ്റെ ഗതി മാറുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെതിരെയും അലോഷ്യസ് സേവ്യർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് ആഡംബര യാത്ര എത്തുന്നത് വരെ ഷൂ കൊണ്ടുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ​ഗുണ്ടകൾ അക്രമിക്കുന്നതിനേക്കാൾ ഭീകരമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത്. പോലീസിന്‍റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

അതേ സമയം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയും കെഎസ്‌യു പ്രസിഡൻ്റ് രംഗത്തെത്തി. എറണാകുളത്ത് ഇന്നുകണ്ട പ്രതിഷേധാഗ്നി സംസ്ഥാന വ്യാപകമായി ശക്തമാക്കും. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ നീക്കമെങ്കിൽ കേരളത്തിലെ മുഴുവൻ ജയിലറ നിറയ്ക്കേണ്ടി വന്നാലും പ്രതിഷേധം തുടരുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.