ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്

Jaihind News Bureau
Monday, March 17, 2025

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.

ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.

ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.