അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ദേശീയ പ്രസിഡന്‍റായി ഡോ. ഉദിത് രാജ് ചുമതലയേറ്റു

Jaihind Webdesk
Thursday, December 2, 2021

ന്യൂഡല്‍ഹി: അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായി ഡോ. ഉദിത് രാജ് ചുമതലയേറ്റു. എഐസിസിയുടെ നിരവധി ഭാരവാഹികൾ  ചടങ്ങിൽ പങ്കെടുത്തു. മോദി സർക്കാർ അധികാരത്തിലേറിയതുമുതൽ എല്ലാ സാമൂഹ്യക്ഷേമ സേവനങ്ങളും പദ്ധതികളും മരണശയ്യയിലാണെന്ന് ഡോ. ഉദിത് രാജ് പറഞ്ഞു.  വലിയ ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യയിലെ തൊഴിലാളികളിലെ 92 ശതമാനം വരുന്ന ആളുകൾ അസംഘടിത തൊഴിലാളി മേഖലയിലാണ് എന്ന പ്രാധാന്യം മുന്നിൽകണ്ടാണ് രാഹുൽ ഗാന്ധി ഗാന്ധി കോൺഗ്രസിന് ഈ മേഖലയിൽ ഒരു സംഘടനയ്ക്ക് 2018 ൽ രൂപം നൽകുന്നത്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളെയും സമീപനങ്ങളെയും ശക്തമായി എതിർക്കുന്നതിനും തൊഴിലാളി സംരക്ഷണത്തിനായുള്ള ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്നതുമാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.

അസംഘടിത തൊഴിലാളികളുടെ ദുരിതങ്ങൾക്കെതിരെ പോരാടാൻ ശക്തമായ ഒരു സംഘടനയും രാജ്യത്ത് ഇല്ല. അസംഘടിത തൊഴിലാളികൾ വലിയ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്നു.  കോൺഗ്രസ് സർക്കാർ വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിരുന്നു. കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് ദേശീയ പെൻഷൻ പദ്ധതി, എൽഐസിയുടെ മൈക്രോ ഇൻഷുറൻസ് പോളിസികൾ, എസ്ജിഎസ്ആർവൈ തുടങ്ങി നിരവധി പദ്ധതികളിലൂടെ ഇഎസ്ഐ, മൈക്രോ ക്രെഡിറ്റ്, സാമൂഹിക സുരക്ഷാ കവർ തുടങ്ങിയ സൗകര്യങ്ങൾ അസംഘടിത തൊഴിലാളികൾക്ക് നല്‍കി. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ ഫണ്ടിന്‍റെ അഭാവം മൂലം വിവിധ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നശിച്ചുകൊണ്ടിരിക്കുകയാണ്.

അദാനി, അംബാനി തുടങ്ങിയ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഡോ. ഉദിത് രാജ് പറഞ്ഞു. യുപിയും എംപിയും ഉൾപ്പെടെ ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനായി തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി. കാരണങ്ങളും നഷ്ടപരിഹാരങ്ങളും ഇല്ലാതെ ഇപ്പോൾ അവരെ ജോലിക്കെടുക്കാനും പിരിച്ചുവിടാനും കഴിയും. നോട്ട് നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് തൊഴിലാളികളെയാണ്. നിരവധി അസംഘടിത തൊഴിലാളികൾ കോവിഡ് 19 കാലത്ത് മരിച്ചു. മോദി സർക്കാർ അവരെ ഒരു തരത്തിലും സഹായിച്ചില്ല അത് ലോകം മുഴുവൻ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള ദേശീയ കോർഡിനേറ്റർ അഡ്വ. അനിൽ ബോസും ചടങ്ങില്‍ പ്രസംഗിച്ചു.