വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറുമായി ബന്ധിപ്പിക്കും; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ പാസാക്കി ലോക്സഭ

Jaihind Webdesk
Monday, December 20, 2021

 

ന്യൂഡൽഹി : വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. ആധാറും വോട്ടർ കാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്.  രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സുപ്രധാന രണ്ട് ബില്ലുകൾ ഇരുസഭകളിലും അവതരിപ്പിച്ചത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചർച്ചയോ വോട്ടെടുപ്പോ സഭയിൽ നടന്നില്ല. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും വോട്ടർ കാർഡുമായി ബന്ധപ്പിക്കുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ആധാർ പൗരത്വത്തിന്‍റെ തെളിവല്ലെന്നും അത് താമസിക്കുന്നതിന്‍റെ മാത്രം തെളിവാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. വോട്ടർമാരോട് ആധാർ ചോദിക്കുമ്പോൾ പാർപ്പിടത്തിന്‍റെ രേഖ മാത്രമാണ് കിട്ടുന്നത്. പൗരത്വമില്ലാത്തവർക്കും വോട്ടവകാശം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ ഉണ്ടാവുകയെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നിയമ ഭേദഗതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. നമ്പര്‍ നല്‍കാത്തവരുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്യില്ല. എന്നാല്‍ സൂക്ഷ്മ പരിശോധനയ്ക്കും നിരീക്ഷണത്തിനും സാഹചര്യമൊരുങ്ങും. തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഏത് സ്ഥലവും ഏറ്റെടുക്കാന്‍ കമ്മീഷന് അനുവാദമുണ്ടാകും.

ബില്ലിലെ മറ്റൊരു ശ്രദ്ധേയ നിർദേശം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്. 2022 ജനുവരി 1 മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.