കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്; അക്രമം പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍

Jaihind Webdesk
Saturday, December 15, 2018

കൊച്ചി നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണു വെടിവയ്പുണ്ടായത്. വൈകിട്ട് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്.

പണം ആവശ്യപ്പെട്ടു പലതവണ ഫോണിൽ ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവിന്‍റെ  പേരിലായിരുന്നു ഫോൺകോള്‍.  എന്നാൽ അവര്‍ ആവശ്യപ്പെട്ട 25 കോടിയോളം രൂപ നൽകാൻ തയാറാകാതെ ഉടമ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നാണ് കരുതുന്നത്.

വെടിവയ്പിനു ശേഷം രക്ഷപ്പെട്ട ഇവർ  ഇതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കടലാസ് സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.

സംഭവ സമയത്ത് പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.  ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്.

പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബ്യൂട്ടിപാർലറില്‍ ഉണ്ടായിരിക്കുന്ന സംഭവം പരിഭ്രാന്തി പടര്‍ത്തി.  പൊലീസ് എത്തി തെളിവെടുത്തു.