കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കാന്‍ മോദി സർക്കാർ ശ്രമിക്കുന്നു: രണ്‍ദീപ് സിങ് സുർജെവാല

Jaihind News Bureau
Thursday, September 24, 2020

 

ന്യൂഡല്‍ഹി:  കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെവാല. രാജ്യത്തെ 62 കോടി കർഷകർ ബില്ലുകൾക്കെതിരെ തെരുവിലാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.  കാർഷിക ബില്ലിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിസിസികളുടെ വാർത്താസമ്മേളനത്തോടെ തുടക്കമായി. കാർഷിക ബില്ലിനെതിരായ പ്രതിഷേധം സംസ്ഥാനങ്ങളിൽ തുടരുന്നു. പലയിടത്തും കർഷകർ ട്രെയിൻ തടഞ്ഞു.

രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക്  നിവേദനം നൽകൽ തുടങ്ങിയ പ്രതിഷേധങ്ങളും വരും ദിവസങ്ങളിൽ കോണ്‍ഗ്രസ്  നിശ്ചയിച്ചിട്ടുണ്ട്. വിവിധ കർഷക സംഘടനകൾ ഇന്നു മുതൽ 26 വരെ  ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ ഭാഗമായി അമൃത്സറിൽ കർഷകർ ട്രെയിൻ തടഞ്ഞു. ഹരിയാനയിലും പ്രതിഷേധം കനക്കുകയാണ്. ഡൽഹിയിലേക്ക് പ്രതിഷേധങ്ങൾ വ്യാപിക്കാതിരിക്കാന്‍അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. നാളെ ദേശീയ കർഷക സംയുക്ത സംഘടന ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.