അച്ഛാ ദിന്‍ ഇനി എന്ന്? ഇന്ധനവില വർധനവിലൂടെ മോദി സർക്കാർ പിഴിഞ്ഞത് 24 ലക്ഷം കോടി ; ജനക്ഷേമത്തിനുവേണ്ടി എന്തു ചെയ്തു? ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Jaihind News Bureau
Friday, March 5, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില അനുദിനം കത്തിക്കയറുമ്പോഴും ജനങ്ങളുടെ അമിതഭാരം കുറയ്ക്കാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ തയാറാകാത്ത കേന്ദ്ര സർക്കാരിനെതിരെ ക്യാമ്പെയ്നുമായി കോണ്‍ഗ്രസ്. മുന്‍ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുറഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പെട്രോള്‍ ഡീസല്‍ വില ഏറ്റവും ഉയർന്ന നിരക്കിലും. ഇത് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന അമിത നികുതി കാരണമാണെന്ന് കോണ്‍ഗ്രസ് കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. ‘സ്പീക്കപ്പ് എഗന്‍സ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗിലാണ് ക്യാമ്പെയ്ന്‍.

മൻമോഹൻ സിംഗ് സർക്കാരിന്‍റെയും നരേന്ദ്ര മോദി സർക്കാരിന്‍റെയും കാലത്തെ ക്രൂഡ് ഓയിൽ വിലയും പെട്രോൾ വിലയും താരതമ്യം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ചോദ്യം ഉയർത്തിയിരിക്കുന്നത്. 2013 ൽ ക്രൂഡ് ഓയിൽ ബാരലിന് വില 109 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 71 രൂപയായിരുന്നു. എന്നാല്‍ 2021 ൽ ക്രൂഡ് ഓയിൽ ബാരലിന് 50.96 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോൾ ലിറ്ററിന് 90 രൂപയും കടന്ന് കുതിക്കുകയാണ്. കേന്ദ്രത്തിന്‍റെ നികുതി കൊള്ളയാണ് ജനം അനുഭവിക്കുന്ന ദുരിതത്തിന് കാരണം.

ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്. 2013 അവസാനം പെട്രോൾ വില ലിറ്ററിന് 71.41 രൂപയായിരുന്നു. അടിസ്ഥാന വില 63 ആയിരുന്നപ്പോഴാണ് ഇത്. കേന്ദ്ര നികുതി 16 ശതമാനവും സംസ്ഥാന നികുതി 18 ശതമാനവും ഡീലർ കമ്മീഷൻ 3 ശതമാനവും ആയിരുന്നു.  2021 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേന്ദ്ര നികുതി 37 ശതമാനമായി കുത്തനെ ഉയർത്തി, സംസ്ഥാന നികുതി 23 ശതമാനം, ഡീലർ കമ്മീഷൻ 4 ശതമാനം എന്നിങ്ങനെയാണ്. അടിസ്ഥാന വില 36 ശതമാനമായിരിക്കുമ്പോഴാണ് ഇത്രയും ഭീമമായ നികുതി ഈടാക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കിടെയുള്ള ഇന്ധന വില വർധനവിലൂടെ മാത്രം കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് ഏകദേശം 14 ലക്ഷം കോടി രൂപയാണ്. ഇത്തരത്തില്‍ സ്വരൂപിച്ച പണത്തില്‍ നിന്ന് ജനക്ഷേമത്തിനായി എന്തു ചെയ്തു എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയർത്തുന്നു. കാർഷിക കടങ്ങള്‍ എഴുതിത്തള്ളാനോ ഇളവ് നല്‍കാനോ സർക്കാർ തയാറാവുന്നില്ല, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല, ദരിദ്രരുടെ അക്കൗണ്ടിലേക്ക് നേരിട്ട് സഹായം നല്‍കുന്നില്ല, രാജ്യത്തിന്‍റെ പട്ടാളക്കാരുടെ സുരക്ഷിതത്വം പോലും മോദി സർക്കാർ കണക്കിലെടുക്കാന്‍ തയാറാകുന്നില്ല.

ഭീമമായ നികുതി അടിച്ചേല്‍പ്പിക്കുന്നതിലൂടെ അക്ഷരാർത്ഥത്തില്‍ ജനത്തെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇന്ധനവില വർധനനവിന്‍റെ പിന്നാലെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കൂടിയായപ്പോള്‍ ജനം സമാനതകളില്ലാത്ത ദുരിത കാലത്തിലാണ്. നികുതി അല്‍പമെങ്കിലും കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയാറായാല്‍ അത് ജനത്തിനുണ്ടാക്കുന്ന ആശ്വാസം ചെറുതാവില്ല. കൊവിഡ് കാലത്തിന്‍റെ കെടുതി കടന്നിട്ടാല്ലാത്ത ജനം ഭരണകൂടത്തിന്‍റെ ദയയില്ലായ്മയ്ക്ക് കൂടി ഇരയാകേണ്ടിവരികയാണ് ചെയ്യുന്നത്.