മലപ്പുറം താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയും മുംബൈയില്‍ നിന്ന് കണ്ടെത്തി. ഇവര്‍ മുംബൈയില്‍ എത്തിയതായി പോലാസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അപ്പോള്‍ മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. മുംബൈയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ലോണാവാലയില്‍ നിന്നാണ് ഇവരെ കണ്ടെത്തുന്നത്. മുംബൈ സിഎസ്എംടിയില്‍ നിന്നുള്ള ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ ഇവര്‍ യാത്ര ചെയ്യുകയായിരുന്നു. റെയില്‍വേ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയതായി അറിയിച്ചത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടതാണ് കുട്ടികളെ കണ്ടെത്താന്‍ വഴിത്തിരിവായത്. എത്രയും പെട്ടെന്ന് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് കുട്ടികള്‍ വീടു വിട്ടിറങ്ങിയതെന്നാണ് നിഗമനം. ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ബുധനാഴ്ച ഉച്ചയ്ക്കു 12ന് സ്കൂളിന്റെ പരിസരത്തുനിന്നാണ് കുട്ടികളെ കാണാതായത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പക്ഷെ, ഇരുവരും സ്കൂളില്‍ എത്തിയില്ല. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടിലേക്കു വിളിച്ചപ്പോഴാണു വീട്ടുകാര്‍ കാണാതായ വിവരമറിയുന്നത്.
കുട്ടികള്‍ക്കൊപ്പം ഒരു യുവാവ് ഉള്ളതായിട്ടാണ് വിവരം ലഭിച്ചത്. എന്നാല്‍, അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ച പോലീസിന് കുട്ടികളെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ല. കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. അതിനിടയില്‍, മുംബൈയിലുള്ള മലയാളിയുടെ സലൂണില്‍ ഇവര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പെണ്‍കുട്ടികളുമായി ഇന്ന് മുംബൈയില്‍ നിന്ന് മടങ്ങുമെന്നും ശേഷം ട്രെയിന്‍ മാര്‍ഗം പൂനെയില്‍ നിന്ന് വൈകുന്നേരം അഞ്ചരയോടെ മടങ്ങുമെന്നും പോലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരില്‍ എത്തിച്ചേരും. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളെ നാട്ടിലെത്തിക്കുക എന്നാണ് വിവരം.