കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ അര്‍ജുന്റെ മൃതദേഹം ജന്മനാട്ടില്‍. കാര്‍വാര്‍ മുതല്‍ ഇങ്ങ് കോഴിക്കോട് വരെ വഴിയോരങ്ങളില്‍ പാതിരാവിലും കണ്ണീരോടെ കാത്തിരുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങിയാണ് അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് നാട്ടിലെത്തിയത്. അര്‍ജുന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്‍ മടങ്ങുന്നത്. കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കില്‍ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അര്‍ജുന് ജനം ആദരാഞ്ജലി അര്‍പ്പിച്ചു.
കണ്ണാടിക്കല്‍ ബസാര്‍ മുതലുള്ള വിലാപയാത്രയില്‍ ജനം കാല്‍നടയായി അനുഗമിച്ചു. അവസാനചടങ്ങുകളില്‍ പങ്കെടുക്കാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളില്‍നിന്നും കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്.
ഇന്നലെ ഉച്ചയോടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്ന് കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്നു വൈകീട്ടോടെയാണ് കാര്‍വാറില്‍നിന്ന് മൃതദേഹവുമായി ആംബുലന്‍സ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നല്‍കിയ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവര്‍ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയില്‍നിന്ന് ഈശ്വര്‍ മാല്‍പെയും ചേര്‍ന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ ജനക്കൂട്ടം ആദരമര്‍പ്പിച്ചു.