K B GANESH KUMAR| മന്ത്രിയുടെ വാക്ക് ‘കട്ടപ്പുറത്ത്’, വിശ്വസിച്ചവര്‍ ‘പെട്ടു’; സ്വന്തം മണ്ഡലത്തില്‍ പോലും കെഎസ്ആര്‍ടിസി ഓടുന്നില്ല; കൊല്ലത്ത് കണ്ടക്ടര്‍ക്ക് മര്‍ദനം

Jaihind News Bureau
Wednesday, July 9, 2025

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറിന്റെ നിര്‍ദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല.

കൊല്ലത്ത് സര്‍വീസ് നടത്തവെ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ കണ്ടക്ടര്‍ പറഞ്ഞു. പണിമുടക്ക് ദിവസം സര്‍വിസ് നടത്തിയത് ചോദ്യംചെയ്തായിരുന്നു മര്‍ദനം.

കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു. കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം സര്‍വീസുകളും തടഞ്ഞു.

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.