‘മന്ത്രിക്ക് പരാതിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു’; ശശീന്ദ്രന്‍റെ വാദം പൊളിച്ച് പരാതിക്കാരി

Jaihind Webdesk
Tuesday, July 20, 2021

 

കൊല്ലം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടത് വിഷയം അറിയാതെ എന്നുള്ള മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാദം പൊളിഞ്ഞു. മന്ത്രിക്ക് പരാതിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്ന് പരാതിക്കാരി മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിക്കാരനെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വിളിച്ച് അന്വേഷിച്ചതാണെന്നും വിഷയത്തെക്കുറിച്ച് വ്യക്തമായി അറിയാതെയാണ് താന്‍ ഇടപെട്ടതെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാദം.

കൂടുതല്‍ ഗുരുതരമായ കാര്യങ്ങളും പരാതിക്കാരി വെളിപ്പെടുത്തി. പരാതി നല്‍കുന്നതിന് മുമ്പും പിമ്പും എന്‍സിപി നേതാക്കള്‍ വിളിച്ചിരുന്നു. നേതാക്കള്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതായും വിഷയത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്നും പരാതിക്കാരി വ്യക്തമാക്കി.

കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിൽ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി പത്മാകരന് എതിരായി യുവതി നൽകിയ പരാതി ഒതുക്കി തീർക്കാൻ പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. പരാതി നല്ല നിലയിൽ തീർക്കണം എന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.