ആറന്മുള: പ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ഗുരുതരമായ ആചാരലംഘനം നടന്നതായി ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. ദേവന് നിവേദ്യം സമര്‍പ്പിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതാണ് വിവാദമായത്. ആചാരലംഘനം പരിഹരിക്കുന്നതിനായി ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.
സെപ്റ്റംബര്‍ 14-നായിരുന്നു അഷ്ടമി രോഹിണി വള്ളസദ്യ. ‘ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണ്. കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല, അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം’ എന്ന് തന്ത്രി ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ കര്‍ശനമായി നിര്‍ദേശിച്ചു.
ആചാരലംഘനം തിരുത്തുന്നതിനായി പരസ്യമായ പരിഹാരക്രിയകള്‍ നടത്തണമെന്നാണ് തന്ത്രിയുടെ പ്രധാന ആവശ്യം. പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവെച്ച് കാണിക്കപ്പണം സമര്‍പ്പിക്കണം, വള്ളസദ്യയിലെ ചടങ്ങുകള്‍ വിധിപ്രകാരം ആവര്‍ത്തിക്കണം, ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണം തുടങ്ങിയവയാണ് തന്ത്രിയുടെ പ്രധാന ആവശ്യം.
നേരത്തെ ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് വാദിച്ചിരുന്ന പള്ളിയോട സേവാസംഘം, തന്ത്രിയുടെ ഇടപെടലോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.