
പി എം ശ്രീ പദ്ധതിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രിയും സിപിഐ നേതാക്കളും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. രാവിലെ കൊല്ലത്ത് മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ സിപിഐ നേതാക്കള്‍ നടത്തിയ പദപ്രയോഗങ്ങളെയും എഐഎസ്എഫ്, എഐവൈഎഫ് സമരങ്ങളെയും വിമര്‍ശിച്ചിരുന്നു. ഇതില്‍ സിപിഐ നേതാക്കള്‍ പ്രതികരിച്ചതോടെ പിന്നീട് മാധ്യമങ്ങളെ കണ്ട് മന്ത്രി വീണ്ടും നിലപാട് മയപ്പെടുത്തുകയായിരുന്നു. പ്രതികരണങ്ങളിലും സമരങ്ങളിലും തനിക്ക് വേദനയുണ്ടായി എന്നാണ് താന്‍ പറഞ്ഞതെന്ന് ശിവന്‍കുട്ടി തിരുത്തുകയായിരുന്നു.
കേരളത്തിലെ പി.എം.ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഒരാഴ്ച നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഉണ്ടായത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സാങ്കേതികമായി, കേരളം കരാറില്‍ നിന്ന് പിന്മാറിയതല്ല, മറിച്ച് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. കാരണം, കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിനാണ് അധികാരം. നിലവില്‍ ഒപ്പിട്ട ധാരണാപത്രം പഠിക്കുന്നതിനായി സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉപസമിതി വിവാദം തണുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. അടുത്തൊന്നും യോഗം ചേരാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ സാധ്യതയില്ല. ഉടന്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനുള്ള സാധ്യതകളും ഈ കാലതാമസത്തിന് കാരണമായേക്കാം.