ബഫർ സോണില്‍ സർക്കാർ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗം: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, December 23, 2022

 

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തുവിട്ട 2021 ലെ ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. എന്നിട്ടും പത്രസമ്മേളനം നടത്തി എല്ലാ ശരിയാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരം തന്നെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയാറാക്കിയതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല പറഞ്ഞത്:

ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. എന്നിട്ടും പത്രസമ്മേളനം നടത്തി എല്ലാ ശരിയാണെന്നു വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ദുരൂഹ യുണ്ട്. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ 2021 ലെ റിപ്പോർട്ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് ‘ഇപ്പ ശരിയാക്കിത്തരാമെന്നാണ്’.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നമെന്ന് സുപ്രീo കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പുതിയ സർവേ നടത്താനും ഇതിനായി വേണമെങ്കില്‍ ഉപഗ്രഹ സര്‍വേ നടത്താനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അത്യന്തം ഗൗരവമുളള ഈ വിഷയത്തിൽ വിദഗ്ധസമിതി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത് രണ്ടര മാസം കഴിഞ്ഞാണ്. അതായത് മൂന്ന് മാസം കാലാവധിയുള്ള സമിതിയുടെ ഉത്തരവ് ഇറങ്ങിയത് രണ്ടര മാസം കഴിഞ്ഞ്. സർക്കാരിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടികളാണ് പിന്നീട് കണ്ടത്. ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നിട്ടും ഏഴ് മാസമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വ്യക്തമാണ്.എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീം കോടതിയില്‍ നല്‍കുന്നത്. അതാകട്ടെ അവ്യക്തവും ജനങ്ങളിൽ ആശങ്കയുണർത്തുന്നതുമാണ്. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ ജനങ്ങൾക്കും പ്രതിപക്ഷത്തിനും സംശയമില്ല. ഇതൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും മനസ്സിലായിട്ടില്ലെന്ന രീതിയിലാണ് പോക്ക്. വകുപ്പുകൾ തമ്മിൽ ഒരു ഏകോപനവുമില്ലാത്തതാണ് റിപ്പോർട്ട് അബദ്ധപഞ്ചാംഗമാവാൻ കാരണം.

പതിനഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ഗ്രൗണ്ട് സര്‍വേ നടത്താതെ സര്‍ക്കാര്‍ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ് . മുന്നൊരുക്കമില്ലാതെ ഒന്നാം പിണറായി സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ അപാകതകളാണ് ബഫർ സോൺ വിഷയത്തിൽ കേരളത്തെ ഈ അപകടത്തില്‍ എത്തിച്ചത്. സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സുപ്രീം കോടതി ബഫർ സോണ്‍ ഒഴിവാക്കില്ലെന്ന് തീരുമാനിച്ചാല്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിയിടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും വീടുകളുമൊക്കെ നഷ്ടമാകും. ഇത് മനസിലാക്കി സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം.