കേരളം കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നറുക്കെടുപ്പിന് തൊട്ടുമുന്‍പ് വരെ ടിക്കറ്റ് വില്‍പന തുടരും. നേരത്തെ സെപ്റ്റംബര്‍ 27-ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ്, അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീരാത്ത കാരണത്താല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.
ഈ വര്‍ഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വിറ്റുതീര്‍ന്നു. കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂര്‍ ജില്ലയാണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ, നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്. 5000, 2000, 1000, 500 രൂപയുടെ നിരവധി മറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.
ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് എല്ലാ കൂട്ടിക്കിഴിക്കലുകള്‍ക്കും ശേഷം കയ്യില്‍ ലഭിക്കുന്നത് 15.75 കോടി രൂപയായിരിക്കും. സമ്മാനത്തുകയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ആദായ നികുതിയായി 6.75 കോടി രൂപ നല്‍കണം. സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് രണ്ടരക്കോടി രൂപ കമ്മിഷനായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന് സമ്മാനത്തുകയില്‍ നിന്ന് യാതൊരു വിഹിതവും ലഭിക്കുകയില്ല എന്നതും ശ്രദ്ധേയമാണ്.