കൊച്ചി: വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത നടപടി അസാധാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ ഒരു ജുഡീഷ്യല്‍ സ്ഥാപനങ്ങളും ചെയ്തിട്ടില്ലാത്ത പുതിയ രീതിയാണിത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു സാംഗത്യവുമില്ലെന്നും അതിലെ വാചകങ്ങള്‍ ലോകായുക്തയുടെ സ്ഥാനത്തിന് യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകായുക്തയ്‌ക്കെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും വാര്‍ത്താക്കുറിപ്പിലില്ല. വാദം കേട്ട് ഒരു കൊല്ലത്തിന് ശേഷം ഒന്നര പേജ് വിധി ഇറക്കി, അതില്‍ മെയ്‌ന്‍റെയ്‌നബിലിറ്റിയെ കുറിച്ച് പറയുന്നത് വിരോധാഭാസമാണ്. അഴിമതി വിരുദ്ധ സ്ഥാപനത്തിന്‍റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നിയമവിരുദ്ധമായ വിധിയാണിത്. പരാതിയുമായി എത്തുന്നവരെ പേപ്പട്ടിയോട് ഉപമിക്കുന്നത് ലോകായുക്തയ്ക്ക് യോജിച്ചതല്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ ലോകായുക്ത കൂടുതല്‍ അപഹാസ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.