ദുരിതാശ്വാസ നിധി തട്ടിപ്പ്: മുഖ്യമന്ത്രി പ്രതിയായ കേസില്‍ ലോകായുക്തയില്‍ ഭിന്നാഭിപ്രായം; ഫുള്‍ ബെഞ്ചിന് വിട്ടു

Jaihind Webdesk
Friday, March 31, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ കേസ് ഫുൾ ബെഞ്ചിലേക്ക് വിട്ട് ലോകായുക്ത. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. കേസിൽ മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേൾക്കും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉള്‍ റഷീദുമാണ് വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ വർഷം മാർച്ച് 18 ന് വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. എന്ത് സമ്മർദം ചെലുത്തിയും മുഖ്യമന്ത്രി കേസ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കുമെന്നും ഇതിനെതിരെ സുപ്രീം കോടതി വരെ പോകാൻ താൻ തയാറാണെന്നും ശശികുമാർ പ്രതികരിച്ചു. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ്ണ, വാഹനവായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തതിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും രംഗത്തെത്തിയിരുന്നു. വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. ലോകായുക്ത നിശബ്ദമായതിന്‍റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ലോകായുക്ത വിധിയെ തുടർന്നാണ് കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.