ASHRAYA PROJECT| കേരളം ദാരിദ്ര്യമുക്തമെന്ന് ഇടത് സര്‍ക്കാരിന്‍റെ വാദം ; 2002 ല്‍ ആന്‍റണി സര്‍ക്കാര്‍ കൊണ്ടുവന്ന ‘ആശ്രയ പദ്ധതി’ക്ക് ഇന്നും പ്രസക്തിയേറെ

Jaihind News Bureau
Saturday, November 1, 2025

കേരളം ദാരിദ്ര്യമുക്തമെന്ന സര്‍ക്കാരിന്‍റെ പി.ആര്‍ പ്രഖ്യാപനം വരുമ്പോള്‍, ഓര്‍മ്മിക്കപ്പെടുന്നത് കേരളത്തിലെ അതിദരിദ്രരെയും നിരാലംബരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് 2002ല്‍ ആന്‍റണി സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.

2000-ന്റെ തുടക്കത്തില്‍ കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ടായിരുന്നു. ശാസ്ത്രീയമായ സര്‍വ്വേകളിലൂടെ ആറു ലക്ഷത്തിലേറെ പേരെ ഈ വിഭാഗത്തില്‍ കണ്ടെത്തി. ഭവനരഹിതര്‍, തൊഴിലില്ലാത്തവര്‍, രോഗങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്തവര്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, നിത്യവൃത്തിക്ക് പോലും വകയില്ലാത്തവര്‍, അവശ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അന്നത്തെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ആശ്രയ പദ്ധതിക്ക് രൂപം നല്‍കിയത്. ആന്റണി സര്‍ക്കാരിന്റെ ആശ്രയ പദ്ധതി, കേരളത്തിലെ അതിദരിദ്രരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചു. നിരവധി കുടുംബങ്ങള്‍ക്ക് ഭവനം, ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് താഴെത്തട്ടില്‍ ദാരിദ്ര്യം കണ്ടെത്തി പരിഹാരം കാണാനുള്ള അടിസ്ഥാന മാതൃകയായി ഈ പദ്ധതി മാറി.

കാലക്രമേണ, ആശ്രയ പദ്ധതി മറ്റ് പല സാമൂഹിക സുരക്ഷാ പദ്ധതികളുമായും സംയോജിപ്പിക്കപ്പെടുകയും, പുതിയ സര്‍ക്കാരുകള്‍ പുതിയ പേരുകളില്‍ സമാനമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. എങ്കിലും, കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ചരിത്രത്തിലെ ഒരു നിര്‍ണ്ണായക പദ്ധതിയായി ആശ്രയ പദ്ധതി എപ്പോഴും ഓര്‍മ്മിക്കപ്പെടും. ആന്റണി സര്‍ക്കാര്‍ 2002-ല്‍ ആരംഭിച്ച ആശ്രയ പദ്ധതി, പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ആശ്രയ പദ്ധതിയുടെ കാര്യത്തില്‍, ആന്റണി സര്‍ക്കാര്‍ ആരംഭിച്ച ഈ മാതൃകാപരമായ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ തുടര്‍ച്ച, കേരളത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. ഇത് ദാരിദ്ര്യ ലഘൂകരണത്തില്‍ കേരളം കൈവരിച്ച പുരോഗതിക്ക് ഒരു പ്രധാന കാരണവുമായിരുന്നു. കേരളം അതിദാരിദ്ര്യം ലഘൂകരിക്കുന്നതില്‍ രാജ്യത്തിന് ഒരു മാതൃകയാണെന്നതില്‍ സംശയമില്ല. എന്നാല്‍, ‘അതിദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തു’ എന്ന് പ്രസ്താവിക്കുന്നത് യാഥാര്‍ത്ഥ്യത്തെ ലളിതവല്‍ക്കരിക്കുകയും, യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ള ചില വിഭാഗങ്ങളെ അവഗണിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. എം ബി രാജേഷിനപ്പോലെയുള്ള മന്ത്രിമാരുടെ അവകാശവാദങ്ങളും ഇടതുസര്‍ക്കാരിന്റെ ദാരിദ്രനിര്‍മ്മാര്‍ജജ്ജന ആഘോഷവുമൊക്കെ ജനാധിപത്യ വിശ്വാസികളില്‍ വെറുപ്പു നിറയ്ക്കുകയേയുള്ളൂ.