യുവ ഡോക്ടറുടെ ആത്മഹത്യ: കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം; സ്ത്രീധന നിരോധന നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്നും പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, December 7, 2023

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. എ.ജെ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പെണ്‍കുട്ടികള്‍ മാത്രം വിചാരിച്ചാല്‍ മാത്രം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കര്‍ശന നിയമനിര്‍മ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.