‘ഇടനിലയ്ക്ക് വി. മുരളീധരനുണ്ടല്ലോ’; മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്ന് കാത്തിരുന്നു കാണാമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, February 8, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്എഫ്ഐഒ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നതെന്ന് യുഡിഎഫ് നിരീക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയനുമായി സംസാരിച്ച് ബിജെപി-സിപിഎം ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരന്‍. ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കേസില്‍ പ്രതിയാകും. മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷന്‍ കോഴക്കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സി മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ഇതേക്കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? എക്‌സാലോജിക്കിനും സിഎംആര്‍എല്ലിനും കെഎസ്ഐഡിസിക്കും എതിരെ അന്വേഷണം നടത്തുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം നടത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണ് പണം നല്‍കാന്‍ കാരണമെന്നാണ് സ്റ്റാറ്റ്യൂട്ടറി ബോഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയാണ് ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി കൂടി കേസില്‍ പ്രതിയാകും. പക്ഷെ എട്ട് മാസത്തേക്ക് അന്വേഷണ കാലാവധി നിശ്ചയിച്ചത് എന്തിനെന്ന് മാത്രം വ്യക്തമാകുന്നില്ല. എട്ട് മാസം അന്വേഷിക്കേണ്ട എന്ത് വിഷയമാണ് ഇതിലുള്ളതെന്ന് വ്യക്തമാകുന്നില്ല.

മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എല്ലാ കേസുകളും ഒത്തുതീര്‍പ്പിലേക്കാണ് എത്തുന്നത്. ഒത്തുതീര്‍പ്പിനുള്ള ഇടനിലക്കാര്‍ ഇപ്പോഴെ ഇറങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. കേസ് ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അവസാനം തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ കരുവന്നൂര്‍ കേസും അവസാനിക്കും. ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മതേതര മനസുള്ള കേരളം ഈ ഒത്തുതീര്‍പ്പിനെതിരെ ശക്തിയായി പ്രതികരിക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും.

രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരന്‍. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്‍റെ ഇടനിലക്കാരനായാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യുഡിഎഫിനെതിരെ സംസാരിക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീര്‍പ്പിലാക്കിക്കൊടുക്കുന്നത് വി. മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്‍റെ വലംകൈ ആയ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ നിന്നും പിണറായി രക്ഷിച്ചു. മുരളീധരന്‍ പകല്‍ ഒന്നും രാത്രിയില്‍ മറ്റൊന്നും പറയുന്ന ആളാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.