‘എല്‍ഡിഎഫിന് ഒരു വികസനവും ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല, കെ റെയില്‍ കേരളത്തിന് ദഹിക്കാത്ത പദ്ധതി’: പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Sunday, May 8, 2022

 

മലപ്പുറം : കെ റെയിൽ എൽഡിഎഫിന്‍റെ കണ്ഠകോടാലിയാകുമെന്നും തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യാൻ എൽഡിഎഫിന് സാധിക്കില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പിന് മുമ്പ് പാചകവാതക വിലയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും കേന്ദ്രം പിടിച്ചു നിർത്തിയ മാതൃകയിലാണ് കേരളത്തിൽ കെ റെയിൽ കുറ്റിയിടൽ നിർത്തിവെച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വയ്യാവേലി ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണിത്. കേരളത്തിന് ദഹിക്കാത്ത പദ്ധതിയാണ് കെ റെയിൽ. അതൊരു ജനകീയ തീരുമാനമല്ല. ഇത് തിരിച്ചറിയാൻ സർക്കാർ വൈകിപ്പോയി’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വികസനം ചർച്ച ചെയ്യാനില്ലാത്തതുകൊണ്ടാണ് മറ്റു കാര്യങ്ങൾ തൃക്കാക്കരയിൽ ചർച്ച ചെയ്യുന്നത്. തൃക്കാക്കരയിലെ എല്ലാ വികസന നേട്ടങ്ങളും യുഡിഎഫിന്‍റെ കാലത്ത് കൊണ്ടുവന്നതാണ്. തങ്ങളുടെ കാലത്ത് കൊച്ചിയിൽ കൊണ്ടുവന്ന ഒരു വികസനവും ചൂണ്ടിക്കാട്ടാൻ എൽഡിഎഫിനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.