യുവ അഭിഭാഷകയെ മര്‍ദ്ദിച്ച അഭിഭാഷകനെ അറസ്റ്റു ചെയ്യണം; സര്‍ക്കാര്‍ ശ്രമിക്കുന്നത് പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍- വി.ഡി.സതീശന്‍

Jaihind News Bureau
Thursday, May 15, 2025

യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരയ്ക്കൊപ്പം നില്‍ക്കുന്നെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തില്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചുവെന്നും അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.