ലാവലിന്‍ കേസ് വീണ്ടും മാറ്റി ; കേസ് മാറ്റിവയ്ക്കുന്നത് 26-ാം തവണ

Jaihind News Bureau
Tuesday, February 23, 2021

SNC-Lavalin-Pinarayi

 

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. ഇത് 26ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് ഇന്ന് ഹാജരായത്. അടുത്ത ആഴ്ച മുഴുവന്‍ സമയവും കേസ് കേള്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം കോടതി ഇത് നിരസിച്ചു.

ഇന്ന് സോളിസിറ്റര്‍ ജനറലിന് തിരക്കുണ്ടെങ്കില്‍ അവസാനം പരിഗണിക്കുന്ന കേസായി ഇത് മറ്റിവയ്ക്കാമെന്നും ഇന്ന് തന്നെ കേസ് കേട്ടുകൂടെയെന്നും കോടതി ചോദിച്ചു. എന്നാല്‍ കേസ് കേട്ടുതീരില്ലെന്ന് വ്യക്തമായതോടെ ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ചില്‍ കേസ് കേള്‍ക്കാന്‍ സമയമില്ലെന്നും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.