കെ ഫോൺ പദ്ധതി ലക്ഷ്യം കണ്ടില്ല; എല്ലാം സമ്മതിച്ച് രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട്.

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: വലിയ അവകാശവാദത്തോടെയും കൊട്ടിഘോഷിച്ചും തുടങ്ങിയ കെ ഫോൺ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സമ്മതിച്ച് രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം 2021 ൽ ആയിരുന്നു. സർക്കാർ നാലാം വർഷത്തിലേക്ക് കടന്നിട്ടും പദ്ധതി എങ്ങുമെത്തിയില്ല. 1168കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇത് ജനങ്ങൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ ഒന്നു മാത്രമാണ്.

പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും ഇന്‍റര്‍നെറ്റ് എത്തിക്കുകയും ഡിജിറ്റൽ സമത്വത്തിലൂടെ നവകേരള നിര്‍മ്മിതിയുമായിരുന്നു പിണറായി സര്‍ക്കാര്‍ കെ ഫോണുകൊണ്ട് ഉദ്ദേശിച്ചത്. 14000 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ  ഒരു മാസത്തിനകം എന്ന് പറഞ്ഞ് വര്‍ഷം ഒന്ന് തീരാറായിട്ടും പ്രോഗ്രസ് റിപ്പോര്‍ട്ടിൽ സൗജന്യ കണക്ഷൻറെ എണ്ണം വെറും 5856 മാത്രം.

ഫൈബര്‍ ശൃംഖലയിൽ 4300 കിലോമീറ്റര്‍ പാട്ടത്തിന് നൽകാനായെന്നും അത് 10000 കിലോമീറ്ററാക്കുമെന്നും അതുവഴി വരുമാനം വരുമെന്നുമൊക്കെയാണ് കഴിഞ്ഞ മാസം കെ ഫോൺ അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താ കുറിപ്പിലെ അവകാശവാദം. പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാനെന്നിരിക്കെ പ്രതിസന്ധിയിലാണ് പദ്ധതിയെന്ന് പറയാതെ പറയുന്നതാണ് പ്രോഗ്രസ് റിപ്പോര്‍ട്ടും.