2018 ല്‍ നിപ വന്നപ്പോള്‍ പ്രഖ്യാപിച്ച ഐസൊലേഷന്‍ ബ്ലോക്ക് ഇപ്പോഴും കടലാസില്‍; സർക്കാരിന്‍റെ അനാസ്ഥ

Thursday, September 14, 2023

 

കോഴിക്കോട്: നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രഖ്യാപിച്ച ഐസൊലേഷന്‍ ബ്ലോക്ക് ഫയലില്‍ ഒതുങ്ങി. 2018 ലെ രോഗവ്യാപന സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ആലോചന തുടങ്ങിയത്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ചുവപ്പുനാടയില്‍ കുടുങ്ങിയ പദ്ധതിക്ക് മോചനം വേണമെന്ന ആവശ്യം ശക്തമായി.

ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ കോഴിക്കോടിനൊപ്പം തിരുവനന്തപുരത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നു. അടുത്ത ബജറ്റില്‍ രണ്ടു ജില്ലകള്‍ക്കും 25 കോടി വീതം പ്രഖ്യാപിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.

ആശുപത്രിക്ക് സമീപത്തുതന്നെ ഐസൊലേഷന്‍ ബ്ലോക്ക് വേണമെന്ന ആവശ്യം പരിഗണിച്ചാണ് എ ടൈപ്പ് ക്വാര്‍ട്ടേഴ്സുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. എന്നാല്‍ രണ്ടു ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കോഴിക്കോട് ജില്ലയില്‍ നിപ വീണ്ടും ഭീഷണി ഉയർത്തുന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം ശക്തമാണ്.