വി.ഡി സതീശനെതിരായ അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം; അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 10, 2023

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത് ഇതാണ്. വി.ഡി സതീശന് എതിരായ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളഞ്ഞിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നത് എ.ഐ ക്യാമറ – കെ ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്‍റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അഞ്ച് വിജിലൻസ് അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഒന്നിൽ പോലും ഒരു നടപടിയും ഉണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപോവില്ലെന്നും ഓലപ്പാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കേണ്ടെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.