‘ലോക്ഡൗണിന്‍റെ അനിവാര്യത ഞാന്‍ എത്രയോ മുമ്പ് ശ്രദ്ധയില്‍പ്പെടുത്തിയതാണ്; സാമ്പത്തിക നഷ്ടം പരിഹരിക്കാനാകും, ജീവന്‍ അങ്ങനെയല്ല’ : പി ചിദംബരം

കൊവിഡ്-19 ഭീഷണിയെ നേരിടുന്നതിന് ക്രിയാത്മക ഇടപെടല്‍ നടത്തുന്നതില്‍ ഇപ്പോള്‍ത്തന്നെ വൈകി എന്ന് ഓര്‍മപ്പെടുത്തി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഇത്തരമൊരു മഹാമാരിയെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ വേണ്ടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണിന്‍റെ അനിവാര്യത മുമ്പ് നിരവധി തവണ താന്‍ ചൂണ്ടിക്കാണിച്ചതാണ്. വൈകിയാണെങ്കിലും ഇതിന് തീരുമാനമെടുത്തതില്‍ നന്ദിയുണ്ടെന്നും ചിദംബരം പത്രക്കുറിപ്പില്‍ പറഞ്ഞു.

പി ചിദംബരത്തിന്‍റെ പത്രക്കുറിപ്പ്:

1. രാജ്യമൊട്ടാകെ 2 മുതല്‍ 4 ആഴ്ച വരെ ലോക്ഡൗണ്‍ ചെയ്യണമെന്ന് ഒരാഴ്ചയായി ഞാൻ അഭ്യർത്ഥിക്കുന്നു. എന്നാല്‍ ആരും ഇക്കാര്യം ചെവിക്കൊണ്ടില്ല. ചിലര്‍ അന്ന് പരിഹസിക്കുകയാണുണ്ടായത്.

2. വൈകിയാണെങ്കിലും ലോക്ഡൗണിന്‍റെ അനിവാര്യത പല മുഖ്യമന്ത്രിമാരും മനസിലാക്കിയതിൽ ഞാൻ നന്ദിയുള്ളവനാണ്. സംസ്ഥാനങ്ങളിലെ എല്ലാ പട്ടണങ്ങളും നഗരങ്ങളും കൂടി അടയ്ക്കുകയും പൊതു, സ്വകാര്യ ഗതാഗതം ഏറെക്കുറെ പൂർണമായും നിർത്തലാക്കാനും തയാറാകണം.

3. ഡോ. ദേവി ഷെട്ടിയുടെ ഉപദേശം ശ്രദ്ധിക്കുക. ഇപ്പോൾത്തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുക. ഒരു മാസത്തിനുശേഷം ഇത് ചെയ്യുന്നത് അതീവഗുരുതരവും  നിയന്ത്രിക്കാനാകാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും.

4. ഇറ്റലിയിൽ നിന്ന് നമ്മള്‍ പാഠങ്ങൾ പഠിക്കണം.  കൃത്യമായ ആസൂത്രണമില്ലാതെയുള്ള നടപടികൾ രോഗവ്യാപനത്തെ തടയാന്‍ ഫലപ്രദമാകില്ല. വിവേകപൂർണമായി പ്രവർത്തിക്കുക, ഇപ്പോൾ പ്രവർത്തിക്കുക.

5. വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. എന്നാൽ നിരവധി ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ വലുതല്ല സാമ്പത്തിക പ്രത്യാഘാതങ്ങൾ. സാമ്പത്തിക മേഖലയിലെ നഷ്ടങ്ങള്‍ പരിഹരിക്കാനാവും. അതുപോലെയല്ല വിലപ്പെട്ട ജീവന്‍.

 

Comments (0)
Add Comment