കരിങ്കൊടി പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഓടിച്ചുകയറ്റിയ സംഭവം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, February 21, 2023

 

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസില്‍ പരാതി നല്‍കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പോലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിലെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാർക്കുനേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനങ്ങളിലുള്ള പോലീസുകാര്‍ ലാത്തി ഉപയോഗിച്ച് പ്രതിഷേധക്കാരുടെ തലയ്ക്ക് അടിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കാസർഗോട്ടെ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തലയ്ക്ക് പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചു.  ഗുരുതര പരിക്കേറ്റ പ്രവർത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസിന്‍റെ കിരാത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.