കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടന വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിവരങ്ങള്‍ പോലീസ് ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തു അല്ല ഉപയോഗിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.