ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, December 18, 2024

ആലപ്പുഴ: ആലപ്പുഴ ജില്ലാ വനിതാ-ശിശു ആശുപത്രിയിലെ പ്രസവ ചികിത്സയിലെ പിഴവുകാരണം ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.കുഞ്ഞിന്റെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പൊതുജന സഹായത്തോടെ അതേറ്റെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

”അമ്മയും കുഞ്ഞും” പദ്ധതിയുടെ ഭാഗമായി കുഞ്ഞിന്റെ തുടര്‍ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഒരു മാസത്തോളമായിട്ടും കുഞ്ഞിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച് ഒരു വ്യക്തതയും സര്‍ക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല.മാത്രവുമല്ല കുട്ടിയുടെ തൈറോയ്ഡ് പരിശോധനകള്‍ക്കടക്കം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പണം ഈടാക്കുകയും ചെയ്തു.ഇത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്. കുട്ടിയുടെ തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു.

കുട്ടിക്ക് സംഭവിച്ച ചികിത്സാ പിഴിവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഒരു അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് എന്താണെന്ന് സംബന്ധിച്ച വ്യക്തതയുമില്ല. സ്‌കാനിങ് പിഴവുസംബന്ധിച്ച മാതാപിതാക്കളുടെ പരാതിയിലും ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല.ഇതുവരെ നടത്തിയ എല്ലാ പരിശോധനകളിലും കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടും ഇന്നേവരെ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാരും ആകുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ.സി.വേണുഗോപാല്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.