കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്പില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് പോലീസിന് ഷൈനിയുടെ വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്താന്‍ സാധിച്ചത്. ഇവര്‍ ആത്മഹത്യ ചെയ്ത റെയില്‍വേ ട്രാക്കിലും പോലീസ് ഇതിനുമുമ്പ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താതിരുന്നത് അന്വേഷണത്തില്‍ ഏറെ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. ഈ ഫോണിലേക്ക് ഷൈനി മരിക്കുന്നതിന് തലേദിവസം ഭര്‍ത്താവ് നോബി വിളിച്ചിരുന്നു എന്നായിരുന്നു അയാളുടെ മൊഴി. ഫോണിലൂടെ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് ഷൈനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ തെളിവുകള്‍ക്കായി ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ പാറോലിക്കലില്‍ അമ്മ ഷൈനിയും പെണ്മക്കളായ അലീന, ഇവാന എന്നിവരും ട്രെയിനിനു മുന്പില് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ മരണത്തില്‍ ഭര്‍ത്താവ് നോബിയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോണിലെ നോബിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതേസമയം ഷൈനി മരിക്കുന്നതിന് തലേദിവസം ഭര്‍ത്താവ് നോബി കുട്ടികള്‍ക്ക് ചെലവിന് നല്കാന് സാധിക്കില്ലെന്ന് ഫോണ്‍ വിളിച്ചു പറഞ്ഞതായി ഷൈനിയുടെ കുടുംബം ആരോപിച്ചു. ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ഷൈനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. നോബിയും, ഷൈനിയും കഴിഞ്ഞ 9 മാസമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നടക്കുന്നതിനിടെയാണ് ഷൈനി ആത്മഹത്യ ചെയ്തത്. കടുത്ത പീഡനമാണ് ഷൈനി ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേ സമയം ഷൈനിയുടെ മാതാപിതാക്കള്‍ ആദ്യഘട്ടത്തില്‍ നല്കിയ മൊഴി പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. ഷൈനി തന്റെ വീട്ടില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്. ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റെയും, മാതാവ് മോളിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.